ഇന്ത്യ എ മികച്ച നിലയിൽ
Saturday, June 7, 2025 12:35 AM IST
നോർത്താംപ്ടണ്‍: ഇംഗ്ലണ്ട് ലയൺസിന് എതിരായ രണ്ടാം ചതുർദിന ക്രിക്കറ്റിൽ ഇന്ത്യ എ മികച്ച സ്കോറിലേക്ക്.
ഓപ്പണർ യശസ്വി ജയ്സ്വാൾ (26 പന്തിൽ 17 റണ്‍സ്) നിരാശപ്പെടുത്തിയപ്പോൾ അർധസെഞ്ചുറിയുമായി സഹ ഓപ്പണർ കെ.എൽ. രാഹുലും പിന്തുണയുമായി കരുണ്‍ നായരും ചേർന്നതോടെ ഇന്ത്യ മുന്നേറി. സ്കോർ 28ൽ നിൽക്കേ ജയ്സ്വാൾ മടങ്ങി.
സ്കോർ 40ൽ മൂന്നാം നന്പറിലിറങ്ങിയ ക്യാപ്റ്റൻ അഭിമന്യു ഈശ്വരനും (13) ഗാലറിയിലെത്തിയതോടെ ഇന്ത്യ പരുങ്ങി. എന്നാൽ, മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന രാഹുൽ- കരുണ്‍ സഖ്യം ടീമിന് കരുത്തായി ചെറുത്തുനിന്നു. സ്കോർ 126ൽ നിൽക്കേ 40 റണ്‍സുമായി കരുണിനെ മടക്കി ക്രിസ് വോക്സ് കൂട്ടുകെട്ട് അവസാനിപ്പിച്ചു. മൂവരേയും വോക്സ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.
ഇന്നലെ രണ്ടാം സെഷനിൽ 39 ഓവർ അവസാനിക്കുന്പോൾ ഇന്ത്യ എ 147/3 എന്ന നിലയിലാണ്. കെ.എൽ. രാഹുൽ (55*), ധ്രുവ് ജുറെൽ (13*) എന്നിവരാണ് ക്രീസിൽ.