മുന്നോട്ടങ്ങനെ മുന്നോട്ട്...
Saturday, May 31, 2025 11:17 PM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാനിക് സിന്നര്‍ പ്രീക്വാര്‍ട്ടറില്‍.
ചെക് താരം ജിരി ലെഹെക്കയെ 0-6, 1-6, 2-6 എന്ന സ്കോറില്‍ നിലംപരിശാക്കിയാണ് സിന്നറിന്റെ മുന്നേറ്റം. വാക്കോവര്‍ ലഭിച്ച റഷ്യയുടെ ആന്ദ്രെ റുബ്ലെവാണ് പ്രീക്വാര്‍ട്ടറില്‍ സിന്നറിന്റെ എതിരാളി.
ജര്‍മനിയുടെ മൂന്നാം സീഡ് അലക്സാണ്ടര്‍ സ്വരേവ്, ബ്രിട്ടന്റെ അഞ്ചാം സീഡ് ജാക്ക് ഡ്രാപ്പര്‍, ഡച്ച് താരം ടാലോണ്‍ ഗ്രീക്സ്പര് തുടങ്ങിയവരും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇറ്റലിയുടെ ഫ്ളാവിയോ കൊബോളിയെയാണ് സ്വരേവ് മൂന്നാം റൗണ്ടില്‍ കീഴടക്കിയത്. സ്കോര്‍: 6-2, 7-6 (7-4), 6-1.
ബഡോസ ഔട്ട്
വനിതാ സിംഗിള്‍സില്‍ സ്പെയിനിന്റെ 10-ാം സീഡ് പൗല ബഡോസ മൂന്നാം റൗണ്ടില്‍ പുറത്ത്. ഓസ്ട്രേലിയയുടെ ഡാരിയ കസത്കിനയാണ് ബഡോസയെ അട്ടിമറിച്ചത്. 17-ാം സീഡായ ഓസ്ട്രേലിയന്‍ താരം 6-1, 7-5നു ജയം സ്വന്തമാക്കി.
അതേസമയം, മൂന്നാം സീഡായ അമേരിക്കയുടെ ജെസീക്ക പെഗുല, ആറാം സീഡായ മിറ റഷ്യയുടെ ആന്‍ഡ്രീവ, 20-ാം സീഡ് എകറ്റെറിന അലക്സാഡ്രോവ തുടങ്ങിയവര്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.