ടീം ഇന്ത്യ ഫീൽഡിൽ
Saturday, October 5, 2024 4:29 AM IST
ഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു. ഫീൽഡിംഗ്, ബൗളിംഗ് പരിശീലനങ്ങളുടെ ദൃശ്യങ്ങൾ ബിസിസിഐ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. ഫീൽഡിംഗ് കോച്ച് ടി. ദിപീലും അസിസ്റ്റന്റ് കോച്ച് റയാൻ ടെൻഡോഷെയും പരിശീലനം നിയന്ത്രിച്ചു.
ബൗളിംഗ് കോച്ച് മോണ്‍ മോർക്കലിന്റെ ശിക്ഷണത്തിൽ പേസർമാരും പരിശീലനം നടത്തി. 2024 ഐപിഎൽ പേസ് സെൻസേഷനായ മായങ്ക് യാദവ്, അർഷദീപ് സിംഗ്, ഹാർദിക് തുടങ്ങിയവർ നെറ്റ്സിൽ പന്ത് എറിഞ്ഞു. മുഖ്യപരിശീലകൻ ഗൗതം ഗംഭീറും സന്നിഹിതനായിരുന്നു.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുന്നത്. ഒന്നാം നന്പർ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ് ടീമിലുണ്ട്. ബാറ്റിംഗിൽ സഞ്ജുവിന് ഓപ്പണർ സ്ഥാനം ലഭിക്കുമെന്ന് ഏകദേശം ഉറപ്പാണ്. അഭിഷേക് ശർമ മാത്രമാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്ന 15 അംഗ ടീമിലെ ഏക സ്പെഷലിസ്റ്റ് ഓപ്പണർ. സഞ്ജു, സൂര്യകുമാർ, റിങ്കു സിംഗ് അടക്കമുള്ളവർ ബാറ്റിംഗ് പരിശീലനവും നടത്തി. മൂന്നു മത്സര പരന്പരയിലെ ആദ്യമത്സരം ഞായറാഴ്ച ഗ്വാളിയോറിൽ നടക്കും.