ഇനാൻ തിളങ്ങി; ഇന്ത്യക്കു ജയം
Thursday, October 3, 2024 12:23 AM IST
ചെന്നൈ: മലയാളി താരം മുഹമ്മദ് ഇനാൻ ഒന്‍പതു വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ മത്സരത്തിൽ ഇന്ത്യ അണ്ടർ 19 ടീം ഓസ്ട്രേലിയ അണ്ടർ 19 സംഘത്തെ രണ്ടു വിക്കറ്റിനു കീഴടക്കി. ആദ്യ ഇന്നിംഗ്സിൽ മൂന്നും (3/48) രണ്ടാം ഇന്നിംഗ്സിൽ ആറും (6/79) വിക്കറ്റ് ഇനാൻ വീഴ്ത്തി. 212 റണ്‍സ് എന്ന ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ അണ്ടർ 19, എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. 55 റണ്‍സുമായി പുറത്താകാതെനിന്ന നിഖിൽ കുമാറാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്. പ്ലെയർ ഓഫ് ദ മാച്ചും നിഖിലാണ്.
സ്കോർ: ഓസ്ട്രേലിയ അണ്ടർ 19 - 293, 214. ഇന്ത്യ അണ്ടർ 19 - 296, 214/8. തൃശൂർ സ്വദേശിയാണ് മുഹമ്മദ് ഇനാൻ. മകന്റെ ക്രിക്കറ്റ് അഭിനിവേശത്തിനായി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയതാണ് മുഹമ്മദ് ഇനാന്റെ കുടുംബം എന്നതാണ് ശ്രദ്ധേയം.