കേരള ബ്ലാസ്റ്റേഴ്സ് x നോർത്ത് ഈസ്റ്റ് പോരാട്ടം രാത്രി 7.30ന്
Sunday, September 29, 2024 12:33 AM IST
ഗോഹട്ടി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ (ഐഎസ്എൽ) ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് എതിരേ ഏവേ പോരാട്ടത്തിന്. ഗോഹട്ടിയിൽ രാത്രി 7.30നാണ് കിക്കോഫ്. ഒരു ജയം, ഒരു തോൽവി വീതവുമായി മൂന്നു പോയിന്റ് വീതമാണ് ബ്ലാസ്റ്റേഴ്സിനും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും.
സീസണിൽ ഇതുവരെ കളത്തിൽ ഇറങ്ങാത്ത ഉറുഗ്വെൻ പ്ലേ മേക്കർ അഡ്രിയാൻ ലൂണയെ കാത്താണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇരിക്കുന്നത്. കുടുംബ ആവശ്യങ്ങൾക്കായി നാട്ടിലേക്കു മടങ്ങിയശേഷം തിരിച്ചെത്തിയ ലൂണയ്ക്കു ഡെങ്കിപ്പനി ബാധിച്ചതിനാലാണ് 2024-25 സീസണിലെ ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടപ്പെട്ടത്.
സ്വീഡിഷ് മുഖ്യപരിശീലകനായ മിഖേൽ സ്റ്റാറെയുടെ ശിക്ഷണത്തിൽ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്സ് ഇന്നു മോഹിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ വിദേശ മുന്നേറ്റ താരങ്ങൾ മൂന്നു പേരും (ജെസ്യൂസ് ജിമെനെസ്, നോഹ് സദൗയി, ഖ്വാമെ പെപ്ര) കഴിഞ്ഞ രണ്ടു മത്സരങ്ങളിലായി ഗോൾ നേടിയെന്നത് ആശാവഹമാണ്. ഇവർക്കൊപ്പം ലൂണയും എത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് വർധിക്കും.
എന്നാൽ, ഇന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ലൂണ കളിക്കുമെന്ന് ഉറപ്പിച്ചു പറയാൻ മിഖേൽ സ്റ്റാറെ തയാറായില്ല. ഇന്നലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയപ്പോഴാണ് നോർത്ത് ഈസ്റ്റിനെതിരേ ലൂണ കളിച്ചാൽ അതൊരു അദ്ഭുതമായിരിക്കുമെന്നായിരുന്നു സ്റ്റാറെയുടെ പ്രതികരണം.