വിജയമുന്നേറ്റം
Sunday, September 15, 2024 12:05 AM IST
ജിസ്മോന് മാത്യു (ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍)
ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുന്ന 45-ാം ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ ടീമുകള്‍ വിജയം തുടരുന്നു. ഓപ്പണ്‍ വിഭാഗത്തില്‍ രണ്ടാം സ്വീഡായ ഇന്ത്യ, മൂന്നാം റൗണ്ടില്‍ 3.5-0.5ന് ആധിഥേയരുടെ രണ്ടാം ടീമിനെ തോല്‍പ്പിച്ചു.
25-ാം സ്വീഡ് ഹാങ്കറി ബി ടീമിനെയാണ് ഇന്ത്യ അടിയറവു പറയിച്ചത്. ഒന്നാം ബോര്‍ഡിൽ ഡി. ഗുകേഷ് ഹങ്കറിയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ റാപ്പോര്‍ട്ട് റിച്ചാര്‍ഡിനെയും, രണ്ടാം ബോര്‍ഡില്‍ രമേഷ്ബാബു പ്രഗ്നാനന്ദയും ജയം സ്വന്തമാക്കി. എതിരാളി ബേണ്‍സ് താമസിന്റെ കിംഗ്സ് ഇന്ത്യന്‍ അറ്റാക്കിനെ ഫ്രഞ്ച് വേരിയേഷനില്‍ നേരിട്ട് 63ാ-ം നീക്കത്തില്‍ ജയിച്ചു.
മൂന്നാം ബോര്‍ഡില്‍, ലോക നാലാം നമ്പര്‍ തരാം ഗ്രാന്‍ഡ്മാസ്റ്റര്‍ എറിഗാസി അര്ജുന് ഇഗ്ലീഷ് ഓപ്പണിംഗില്‍ കളി തുടങ്ങിയെങ്കിലും എതിരാളിയായ ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രൊഹാസ്ക പീറ്ററിന്റെ നീക്കങ്ങള്‍ ക്യുന്‍സ് ഗാംബിറ്റ് ഡിക്ലൈന്ഡിലെ എക്സ്ചേഞ്ച് വേരിയേഷനില്‍ കളിയെത്തിച്ചു.
മുപ്പത്തിരണ്ടാം നീക്കത്തില്‍ തന്റെ റാണിയെ ബലികൊടുത്ത അര്ജുൻ, മുപ്പത്തിനാലാം നീക്കത്തില്‍ കളി ചെക്മേറ്റാക്കി. നാലാം ബോര്‍ഡില്‍ വിഡിറ്റ് സന്തോഷ് ഗുജറാത്തി 26-ാം നീക്കത്തില്‍ സമനില സമ്മതിച്ചു.
വനിതകളില്‍ ഒന്നാം സ്വീഡായ ഇന്ത്യയുടെ എതിരാളികള്‍ 21-ാം സ്വീഡായ സ്വിറ്റ്സര്‍ലന്‍ഡായിരുന്നു. ഇന്ത്യക്കുവേണ്ടി വൈശാലി, ദിവ്യദേശ് മുഖ്, വന്ദിക അഗര്‍വാൾ എന്നിവർ വിജയിച്ചപ്പോള്‍ ഒന്നാം ബോര്‍ഡില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ദ്രോണവല്ലി ഹരിക, ഗ്രാന്‍ഡ്മാസ്റ്റര്‍ കോസ്റ്റാനിക് അലക്സാണ്ട്രയോട് പരാജയപ്പെട്ടു. എങ്കിലും ഇന്ത്യ 3-1ന്റെ ജയം സ്വന്തമാക്കി.