നാടകീയം സോമർസെറ്റ്
Saturday, September 14, 2024 1:20 AM IST
ടോണ്ടൻ: നാടകീയ ജയത്തോടെ സോമർസെറ്റ് കൗണ്ടി ചാന്പ്യൻഷിപ് ഡിവിഷൻ വണ്ണിൽ ആദ്യമായി കിരീടപ്രതീക്ഷയിലെത്തി. നിലവിലെ ചാന്പ്യന്മാരും ഒന്നാം സ്ഥാനക്കാരുമായ സറെയെ 111 റണ്‍സിനു പരാജയപ്പെടുത്തിയാണ് സോമർസെറ്റ് ആവേശകരമായ മത്സരത്തിന്റെ അവസാന ദിനത്തിൽ കളി തീരാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ജയം നേടിയത്.
ഈ വിജയത്തിനായി അവസാന വിക്കറ്റ് നേടാൻ സോമർസെറ്റ് നടത്തിയ ഫീൽഡിംഗ് വിന്യാസം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സോമർസെറ്റ് ക്യാപ്റ്റൻ ലൂയിസ് ഗ്രിഗറി ബാറ്ററുടെ ചുറ്റും ഫീൽഡർമാരെ അണിനിരത്തുകയായിരുന്നു.
അവസാന ദിനത്തിലെ മത്സരം അവസാനിക്കാൻ വെറും മൂന്നു മിനിറ്റ് ശേഷിക്കേ ജയത്തിലേക്ക് ഒരു വിക്കറ്റ് മാത്രം അകലെയായിരുന്നു സോമർസെറ്റ്. പന്ത് നേരിടുന്നത് സറെയുടെ ഡാനിയൽ വോറാൾ. പന്തെറിയുന്നത ജാക്ക് ലീച്ച്. സോമർസെറ്റ് ക്യാപ്റ്റൻ ലൂയിസ് ഗ്രിഗറി ഫീൽഡർമാരെ മുഴുവൻ ഡാനിയൽ വോറാളിന് ചുറ്റും അണിനിരത്തി. ഒരു ഫ്രെയിമിൽ സോമർസെറ്റിന്റെ 11 കളിക്കാരും സറെയുടെ രണ്ട് ബാറ്റർമാരും.
ലീച്ചിന്റെ ഒരു ഓഫ് കട്ടർ മത്സരത്തിന്റെ വിധിയെഴുതി. വോറാളിന് പിഴച്ചു, പന്ത് പാഡിൽ ഇടിച്ചു. സോമർസെറ്റ് കളിക്കാരുടെ അപ്പീലിന് പിന്നാലെ അന്പയർ വിലരലുയർത്തി. സോമർസെറ്റിന് 111 റണ്‍സിന്റെ ജയം. ഈ വിക്കറ്റിന് ഒരു പന്ത് മുന്‍പ് ലീച്ച് ജോർദാൻ ക്ലാർക്കിനെയും പുറത്താക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സോമർസെറ്റ് ഒന്നാം ഇന്നിംഗ്സിൽ 317 റണ്‍സിന് പുറത്തായിരുന്നു. ഇതിന് മറുപടിയായി സറെ 321 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്സിൽ സോമർസെറ്റ് 224 റണ്‍സ് നേടിയതോടെ സറെയുടെ വിജയലക്ഷ്യം 221 ആയി. 12 മത്സരങ്ങൾ കഴിഞ്ഞപ്പോൾ സറെയ്ക്ക് 198 പോയിന്റും സോമർസെറ്റിന് 190 പോയിന്റുമായി.