സുവർണം...
Saturday, September 7, 2024 1:45 AM IST
പാരീസ്: പാരാലിന്പിക്സിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വർണ മെഡൽ വേട്ട. 2024 പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ പ്രവീണ്‍ കുമാർ പുരുഷ ഹൈജംപ് ടി64 വിഭാഗത്തിൽ സ്വർണം സ്വന്തമാക്കിയതോടെയാണിത്. ഇതോടെ ഒരു പാരാലിന്പിക് എഡിഷനിൽ ഏറ്റവും കൂടുതൽ സ്വർണനേട്ടം ഇന്ത്യ കുറിച്ചു.
പാരീസിൽ ഇന്ത്യയുടെ ആറാം സ്വർണമായിരുന്നു പ്രവീണ്‍ കുമാറിലൂടെ എത്തിയത്. 2020 ടോക്കിയോയിൽ അഞ്ചെണ്ണം നേടിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച സ്വർണ മെഡൽ വേട്ട.
2.08 മീറ്റർ ക്ലിയർ ചെയ്ത് പ്രവീണ്‍ കുമാർ സ്വർണത്തിൽ മുത്തമിട്ടു. ഇതോടെ പാരീസ് പാരാലിന്പിക്സിൽ ഇന്ത്യയുടെ മെഡൽ നേട്ടം 26 ആയി.