ഈഫലിൽ ഒളിന്പിക് ചിഹ്നം...
Wednesday, July 10, 2024 12:15 AM IST
പാരീസിൽനിന്ന് ആൽവിൻ ടോം കല്ലുപുര
നൂറു വർഷത്തിനുശേഷം ഒളിന്പിക്സിനെ വരവേൽക്കാൻ പാരീസ് നഗരം ഒരുങ്ങിക്കഴിഞ്ഞു. 2024 പാരീസ് ഒളിന്പിക്സിന് തിരിതെളിയാൻ ഇനി 16 ദിനങ്ങളുടെ അകലം മാത്രം. ഒളിന്പിക്സിനെ വരവേൽക്കാൻ വർഷങ്ങൾ നീണ്ട ഒരുക്കമാണ് പാരീസിൽ നടന്നത്.
മത്സരവേദികൾ തയാറാകുന്നതിനൊപ്പം പാരീസിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുഗതാഗത സംവിധാനവും നവീകരിച്ചു. ഒളിന്പിക്സിനോടനുബന്ധിച്ച് ടൂറിസ്റ്റുകളുടെ വലിയൊരു പ്രവാഹംകൂടി പാരീസ് നഗരം പ്രതീക്ഷിക്കുന്നു.
പാരീസിലെ ഒളിന്പിക് സ്റ്റേഡിയം, ലാ ഡിഫൻസ് ഏരിയ, പാർക് ഡി പ്രിൻസ്, സ്റ്റാഡ് ഡി ഫ്രാൻസ്, പാരീസ് എക്സ്പോ പോർട്ട് ഡെ വെർസായ്, ഈഫൽ ടവറിനു സമീപമുള്ള വേദികൾ എന്നിവിടങ്ങളിലെല്ലാം മത്സരങ്ങൾ അരങ്ങേറും.
ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുന്നത് മാർസെയിൽ, ലിയോണ്, ലിൽ, ബോർദോ, നീസ്, നോന്റ്, സെന്റ് എറ്റിയെൻ എന്നിവിടങ്ങളിലാണ്. ഒളിന്പിക്സ് മത്സരങ്ങൾ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വേദികളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പാരീസ് നഗരത്തിന്റെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന സെന്റ് ഡെനിസ് പ്രദേശത്താണ് ഒളിന്പിക് വില്ലേജ് ക്രമീകരിച്ചിരിക്കുന്നത്. സെന്റ് ഡെനിസിലെ സ്റ്റാഡ് ഡി ഫ്രാൻസ് (Stade de France) സ്റ്റേഡിയത്തിന്റെ സമീപത്താണിത്. ഗെയിംസ് വില്ലേജിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകുന്നവിധമാണ് ക്രമീകരണങ്ങൾ.
പാരീസിന്റെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമായ ഈഫൽ ടവറിൽ കഴിഞ്ഞ മാസം ഒളിന്പിക് റിംഗുകൾ സ്ഥാപിച്ചിരുന്നു. രാത്രികാലങ്ങളിൽ ഈഫൽ ടവറിനൊപ്പം ഒളിന്പിക് വളയങ്ങളും പ്രകാശപൂരിതമാകുന്നത് സുന്ദരകാഴ്ചയാണ്.
ആതിഥ്യമര്യാദയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തത്. വിനോദസഞ്ചാരികൾക്കും കായികതാരങ്ങൾക്കും ഈഫൽ ടവറിലെ ഒളിന്പിക് വളയങ്ങളിലൂടെ പാരീസിന്റെ ഹൃദയത്തുടിപ്പ് നേരിട്ടനുഭവിക്കാനാകും...