നെതർലൻഡ്സ് പൊരുതി വീണു
Friday, June 14, 2024 1:17 AM IST
സെന്റ് വിൻസെന്റ്: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ ബംഗ്ലാദേശിനെതിരേ നെതർലൻഡ്സ് പൊരുതി വീണു.
160 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 134 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ബംഗ്ലാദേശിന് 25 റണ്‍സ് ജയം. കിംഗ്സ്ടൗണ്‍ അർണോസ് വേൽ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ നെതർലൻഡ്സ് ബംഗ്ലാദേശിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
തുടക്കത്തിൽ തന്നെ ബംഗ്ലാദേശ് ഓപ്പണർ നജ്മുൽ ഹൊസൈൻ ഷാന്റോയുടെ (മൂന്ന് പന്തിൽ ഒരു റണ്‍സ്) വിക്കറ്റ് വീഴ്ത്തി നെതർലൻഡ്സ് പ്രതീക്ഷയോടെ തുടങ്ങി. എന്നാൽ മധ്യനിരയിൽ ഷക്കീബ് അൽ ഹസൻ (46 പന്തിൽ 64 റണ്‍സ്) നടത്തിയ രക്ഷാപ്രവർത്തനം ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ഷക്കീബ് അൽ ഹസനാണ് കളിയിലെ താരം. സ്കോർ: ബംഗ്ലാദേശ്: 20 ഓവറിൽ 159/5. നെതർലൻഡ്: 20 ഓവറിൽ 134/8.
മറുപടി ബാറ്റിംഗിലും നെതർലൻഡ്സ് പ്രതീക്ഷ നൽകി. ഒരു ഘട്ടത്തിൽ 14.4 ഓവറിൽ 111/4ൽനിന്നുമാണ് മത്സരം കൈവിട്ടത്. 23 റണ്‍സ് എടുക്കുന്നതിനിടെ അവസാന നാല് വിക്കറ്റുകൾ നഷ്ടമായി. റണ്‍സ് കണ്ടെത്താനും ബാറ്റർമാർക്ക് സാധിച്ചില്ല.