കുലുങ്ങില്ല ഇവാൻ ആശാൻ
Sunday, April 2, 2023 12:54 AM IST
അനീഷ് ആലക്കോട്
സംഭവം ശരിയാണ്, ഐഎസ്എൽ 2022-23 സീസണിൽ പ്ലേ ഓഫ് എലിമിനേറ്ററിൽ ബംഗളൂരു എഫ്സി നേടിയ ക്വിക് ഫ്രീകിക്ക് ഗോളിൽ പിണങ്ങിപ്പിരിഞ്ഞ് കളംവിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കടുത്ത ശിക്ഷ വിധിച്ചു...
ബ്ലാസ്റ്റേഴ്സിന് നാല് കോടി രൂപ പിഴ, പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് 10 മത്സര വിലക്കും അഞ്ച് ലക്ഷം പിഴയും... പരസ്യക്ഷമാപണം നടത്തിയില്ലെങ്കിൽ ഇവാൻ ഒടുക്കേണ്ട പിഴ 10 ലക്ഷമായും, ബ്ലാസ്റ്റേഴ്സിന്റേത് ആറ് കോടിയായും വർദ്ധിക്കും...
കടുപ്പംതന്നെ മുതലാളീ... എന്ന് ഈ ശിക്ഷയെ വിശേഷിപ്പിക്കാമെങ്കിലും ഉള്ളിലേക്ക് കടന്നുനോക്കിയാൽ സംഭവം ഉൗതിപ്പെരുപ്പിച്ച കുമിളയാണെന്നു പറയാം. കാരണം, എഐഎഫ്എഫ് സംഘടിപ്പിക്കുന്ന 10 മത്സര വിലക്ക് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ സംബന്ധിച്ച് ഗൗരവമല്ല. 2023-24 സീസണ് ഐഎസ്എൽ പോരാട്ടത്തിനു മുന്പ് ഇവാന്റെ വിലക്ക് നീങ്ങാനുള്ള വഴിയുണ്ടെന്നതും വാസ്തവം. വിലക്കിനും പിഴശിക്ഷയ്ക്കുമെല്ലാം എതിരായി കേരള ബ്ലാസ്റ്റേഴ്സിന് അപ്പീൽ പോകാനുള്ള അവസരവുമുണ്ട്.
സൂപ്പർ കപ്പ് + ഡ്യൂറന്റ് കപ്പ്
അടുത്ത സീസണ് ഐഎസ്എല്ലിനു മുന്പ് ഇവാന്റെ വിലക്ക് അവസാനിക്കാനുള്ള മാർഗം കേരള ബ്ലാസ്റ്റേഴ്സ് 2023 സൂപ്പർ കപ്പിലും ഡ്യൂറന്റ് കപ്പിലും നോക്കൗട്ടിൽ പ്രവേശിക്കണം എന്നതാണ്. രണ്ട് ടൂർണമെന്റിലുമായി ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. ഇതിൽ ഏതെങ്കിലും ഒരു ടൂർണമെന്റിന്റെ ഫൈനലിലും മറ്റൊന്നിന്റെ സെമിയിലും പ്രവേശിച്ചാൽ 2022-23 സീസണ് ഐഎസ്എല്ലിനു മുന്പ് 10 മത്സര വിലക്കും പൂർത്തിയാക്കാം.
ബ്ലാസ്റ്റേഴ്സ് നിലപാട്
2022 ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനെയാണ് കളിപ്പിച്ചത്. ഈ സീസണിലും അതിനു മാറ്റമുണ്ടായേക്കില്ല. സൂപ്പർ കപ്പിൽ റിസർവ് ടീമിനെ ഇറക്കിയേക്കും എന്നായിരുന്നു മുന്പ് ബ്ലാസ്റ്റേഴ്സ് നൽകിയ സൂചന. കേരളത്തിലാണ് 2023 സൂപ്പർ കപ്പ് എന്നത് ഈ നിലപാടിൽ മാറ്റം വരുത്താൻ കാരണമായേക്കാം.
അഡ്രിയാൻ ലൂണ സ്വകാര്യ ആവശ്യത്തിനായി അവധിയിലാണ്. സൂപ്പർ കപ്പിലും ഡ്യൂറന്റ് കപ്പിലും നോക്കൗട്ടിൽ കടന്നില്ലെങ്കിലും ഐഎസ്എല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളോടെ ഇവാന്റെ വിലക്ക് അവസാനിക്കും, അതോടെ എല്ലാം ശുഭം... അപ്പീൽ ചെയ്ത് നിലവിലെ ശിക്ഷയിൽ കുറവുലഭിച്ചാൽ അതും ഗുണമാകും.
അങ്ങനെ നോക്കുന്പോൾ എഐഎഫ്എഫിന്റെ വിലക്ക് ആശാനെയോ മഞ്ഞപ്പട ആരാധകരെയോ പിടിച്ചു കുലുക്കില്ല. കാരണം, ഐഎസ്എൽ റഫറിയിംഗിലെ പിഴവുകൾക്കെതിരേ സ്വയം സമർപ്പിച്ച ആശാൻ മഞ്ഞപ്പട ആരാധകരുടെ ഹീറോയാണ്.