തിരിച്ചുവരാൻ ടീം ഇന്ത്യ
Sunday, January 29, 2023 12:40 AM IST
ലക്നോ: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. റാഞ്ചിയിൽ നടന്ന ആദ്യമത്സരത്തിൽ 21 റണ്‍സ് തോൽവി വഴങ്ങിയതിന്റെ ക്ഷീണമകറ്റാനാണ് ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ന് ജയിച്ചില്ലെങ്കിൽ പരന്പര ഇന്ത്യക്ക് നഷ്ടപ്പെടും. അതേസമയം, ഏകദിന പരന്പര 3-0നു പരാജയപ്പെട്ടതിന്റെ ക്ഷീണം ട്വന്റി-20 പരന്പര നേട്ടത്തിലൂടെ തീർക്കാനാണ് കിവീസിന്റെ ശ്രമം. ഇന്ത്യൻ സമയം രാത്രി 7.00നാണ് മത്സരം ആരംഭിക്കുക.
ടോപ് ഓർഡർ ബാറ്റർമാരായ ഡെവോണ്‍ കോണ്‍വെ, ഫിൻ അലിൻ, ഡാരെൽ മിച്ചൽ എന്നിവരെല്ലാം ഫോം കണ്ടെത്തിയതാണ് ന്യൂസിലൻഡിന്റെ കരുത്ത്. അതോടൊപ്പം സ്പിന്നർമാരായ ക്യാപ്റ്റൻ മിച്ചൽ സാന്റ്നറും മൈക്കൽ ബ്രെയ്സ് വെല്ലും മിന്നും ഫോമിലും. ഓൾറൗണ്ട് പ്രകടനവുമായി വാഷിംഗ്ടണ്‍ സുന്ദർ മാത്രമേ ഇന്ത്യക്കായി റാഞ്ചിയിൽ തിളങ്ങിയുള്ളൂ.