എന്റെ പിഴ... വലിയ പിഴ!
Thursday, January 13, 2022 1:39 AM IST
മെൽബണ്‍: യാത്രരേഖകളിലെയും ഐസൊലേഷൻ മാനദണ്ഡങ്ങളിലെയും പിഴവുകൾ തുറന്നുസമ്മതിച്ചു ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. കോവിഡ് പോസിറ്റീവായി രണ്ടു ദിവസം പിന്നിട്ടപ്പോൾ ഒരു മാധ്യമപ്രവർത്തകന് അഭിമുഖം നൽകിയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ ജോക്കോവിച്ച് വ്യക്തമാക്കി.
ഡിസംബർ പതിനാറിനാണു ജോക്കോവിച്ചിനു കോവിഡ് സ്ഥിരീകരിച്ചത്. മാനദണ്ഡങ്ങളിൽ ഇളവുനേടി ഓസ്ട്രേലിയൻ ഓപ്പണ്‍ കളിക്കുന്നതിനായി ഓസ്ട്രേലിയയിലെത്തിയ ജോക്കോയെ അധികൃതർ തടഞ്ഞുവച്ചെങ്കിലും കോടതിയെ സമീപിച്ച് അദ്ദേഹം അനുകൂല നിലപാട് വാങ്ങി. കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓസ്ട്രേലിയയിൽ വിമാനമിറങ്ങിയതോടെയാണു സർക്കാർ താരത്തിനെതിരേ നടപടികൾ കടുപ്പിച്ചത്.
ജോക്കോവിച്ചിനെ ടൂർണമെന്റിൽ പങ്കെടുപ്പിക്കണോ എന്ന കാര്യത്തിൽ ഓസ്ട്രേലിയൻ സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. സെർബിയൻ താരത്തിന്റെ വീസ റദ്ദാക്കുന്നതു പരിഗണനയിലുണ്ടെന്ന് ഓസ്ട്രേലിയൻ കുടിയേറ്റകാര്യ മന്ത്രി അലക്സ് ഹോക്ക് പറഞ്ഞതാണ് അഭ്യൂഹങ്ങൾക്കു കാരണം. ജോക്കോയുടെ അഭിഭാഷകസംഘം ദൈർഘ്യമുള്ള അപേക്ഷകൾ സമർപ്പിച്ചതിനാൽ ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാൻ സമയമെടുക്കുമെന്നും മന്ത്രിയുടെ വക്താവ് അറിയിച്ചു.