തിരിച്ചുവരവിൽ ശ്രീശാന്തിന് വിക്കറ്റ്
Tuesday, January 12, 2021 12:00 AM IST
മുംബൈ: ഏഴ് വർഷവും 10 മാസവും നീണ്ട ഇടവേളയ്ക്കുശേഷം കേരള പേസർ എസ്. ശ്രീശാന്ത് ക്രിക്കറ്റ് കളത്തിൽ. ഒത്തുകളി ആരോപണത്തിൽനിന്ന് കോടതി വിധിയിലൂടെ മോചനം നേടിയശേഷം കളത്തിലെത്തിയ ശ്രീശാന്ത് ഇന്നലെ നടന്ന സയ്യീദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിലൂടെയാണ് തിരിച്ചെത്തിയത്.
പോണ്ടിച്ചേരിക്കെതിരായ മത്സരത്തിൽ കേരളത്തിനായി ആദ്യ വിക്കറ്റ് വീഴ്ത്തിയതും ശ്രീശാന്ത് ആയിരുന്നു. പോണ്ടിച്ചേരിയുടെ ഫാബിദ് അഹമ്മദിനെ ശ്രീ ബൗൾഡ് ആക്കി. നാല് ഓവറിൽ ശ്രീശാന്ത് 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ കേരളം നാല് ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 48 റണ്‍സ് എടുത്തിട്ടുണ്ട്.
2013 മാർച്ച് രണ്ടിന് വിജയ് ഹസാരെ ട്രോഫിയിൽ ആസാമിനെതിരേ കേരളത്തിനായി ഇറങ്ങിയശേഷം ശ്രീശാന്ത് ലിസ്റ്റ് എ ക്രിക്കറ്റിൽ ഇന്നലെയാണ് വീണ്ടും കളത്തിലെത്തിയത്.