39ലും സടകുടഞ്ഞ് ഇബ്ര
Monday, October 19, 2020 12:58 AM IST
മിലാൻ: പ്രായം മുപ്പത്തൊന്പതു കഴിഞ്ഞു, കോവിഡ് രോഗം പിടിപെട്ട് വിശ്രമത്തിലുമായിരുന്നു... എന്നാൽ, അയാളുടെ ദൃഢനിശ്ചയത്തിനു മുന്നിൽ കോവിഡിന് അധികം പിടിച്ചുനിൽക്കാനായില്ല... കോവിഡിനുശേഷം കളത്തിൽ തിരിച്ചെത്തിയപ്പോൾ രണ്ട് ഗോളുമായി ടീമിനെ വിജയത്തിലെത്തിച്ചു. ഇഞ്ചുറി സമയം ഉൾപ്പെടെ 96 മിനിറ്റ് പയറുപോലെ ഓടിനടന്നശേഷം വിജയശ്രീലാളിതനായി കളംവിട്ടു... പറഞ്ഞുവരുന്നത് എസി മിലാന്റെ സ്വീഡിഷ് താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെക്കുറിച്ച്. ഇബ്രയുടെ ഇരട്ട ഗോളിൽ (13, 16) മിലാൻ ഡെർബിയിൽ എസി, 2-1ന് ഇന്ററിനെ കീഴടക്കി. റൊമേലു ലുകാക്കുവിന്റെ (29) വകയായിരുന്നു ഇന്ററിന്റെ ആശ്വാസ ഗോൾ.
കോവിഡിനെ കീഴടക്കി ഒരാഴ്ചയ്ക്കുള്ളിൽ കളത്തിലെത്തിയ ഇബ്രാഹിമോവിച്ച് എസി മിലാനായി മിന്നും പ്രകടനമാണു പുറത്തെടുത്തത്. മത്സരശേഷം തന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇബ്ര പോസ്റ്റ് ചെയ്ത ചിത്രമാണ് ഏറെ രസകരം, ഇരയെ വേട്ടയാടിയശേഷം മുഖത്ത് രക്തക്കറയുമായി നിൽക്കുന്ന സിംഹത്തിന്റെ ചിത്രമായിരുന്നു അത്.
മറ്റു മത്സരങ്ങളിൽ നാപ്പോളി 4-1ന് അത്ലാന്തയെയും സംപ്ഡോറിയ 3-0ന് ലാസിയോയെ കീഴടക്കി. അതേസമയം, നിലവിലെ ചാന്പ്യന്മാരായ യുവന്റസ് എവേ പോരാട്ടത്തിൽ ക്രൊടോണയുമായി 1-1 സമനിലയിൽ പിരിഞ്ഞു. 12 പോയിന്റുമായി എസി മിലാനാണ് ലീഗിന്റെ തലപ്പത്ത്.