റെയ്നയ്ക്ക് ഇടമില്ല...
Sunday, September 27, 2020 12:17 AM IST
ദുബായ്: ഐപിഎൽ 13-ാം എഡിഷനിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടതോടെ ആരാധക പ്രതിഷേധവും ടീമിനെതിരായ ട്രോളിംഗും പെരുമഴയായി. ഡൽഹി ക്യാപ്പിറ്റൽസിനോട് 44 റണ്‍സിനു സൂപ്പർ കിംഗ്സ് പരാജയപ്പെട്ടതോടെ ടീമിലേക്ക് സുരേഷ് റെയ്നയെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉയർന്നെങ്കിലും ടീം സിഇഒ കാശി വിശ്വനാഥൻ അത് നിരാകരിച്ചു.
വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് റെയ്ന യുഎഇയിൽനിന്ന് നാട്ടിലേക്ക് മടങ്ങിയത് സൂപ്പർ കിംഗ്സിന്റെ ബാറ്റിംഗ് നിരയുടെ കരുത്ത് ചോർത്തിയെന്ന് തെളിയിക്കുന്നതായിരുന്നു രാജസ്ഥാൻ റോയൽസിനും ഡൽഹി ക്യാപ്പിറ്റൽസിനും എതിരായ തോൽവി. ഉദ്ഘാടന മത്സരത്തിൽ ചെന്നൈയുടെ വിജയശിൽപ്പിയായ അന്പാട്ടി റായുഡുവിന് പരിക്കേറ്റതും എം.എസ്. ധോണിയെയും കൂട്ടരെയും തളർത്തിയെന്നതും വാസ്തവം. സുരേഷ് റെയ്നയെ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി സൂപ്പർ കിംഗ്സ് ആരാധകർ സമൂഹമാധ്യമങ്ങളിൽ കാന്പയിൽ ആരംഭിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് റെയ്ന ഐപിഎലിൽനിന്ന് സ്വയം പിന്മാറിയതാണ്. ആ തീരുമാനത്തെ ഞങ്ങൾ ബഹുമാനിക്കുന്നു. റെയ്നയുടെ തിരിച്ചുവരവിനെക്കുറിച്ച് ടീം ആലോചിക്കുന്നേയില്ല- കാശി വിശ്വനാഥൻ പറഞ്ഞു.
റെയ്നയടക്കമുള്ള താരങ്ങളുടെ അഭാവം ടീമിനെ ബാധിക്കുന്നുണ്ടെന്ന് ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരശേഷം സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ളെമിംഗ് സമ്മതിച്ചിരുന്നു.
അടുത്ത വെള്ളിയാഴ്ച ഹൈദരാബാദ് സണ്റൈസേഴ്സിനെതിരേയാണ് ചെന്നൈയുടെ അടുത്ത മത്സരം. അപ്പോഴേക്കും ടീം ട്രാക്കിലാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.