ബെയ്ൽ മടക്കം!
Wednesday, September 16, 2020 11:23 PM IST
ലണ്ടൻ/മാഡ്രിഡ്: ബാഴ്സലോണ താരങ്ങളായ ലയണൽ മെസി, ലൂയി സുവാരസ് എന്നിവരുടെ പരാജയപ്പെട്ട ട്രാൻസ്ഫർ വാർത്തകൾക്കു പിന്നാലെ സ്പെയിനിൽനിന്നു പുതിയൊരു റിപ്പോർട്ട്. റയൽ മാഡ്രിഡിന്റെ വെയ്ൽസ് സ്ട്രൈക്കർ ഗാരെത് ബെയ്ൽ ആണ് വാർത്തകളിൽ.
സിനദീൻ സിദാൻ മാനേജർ സ്ഥാനത്ത് തിരിച്ചെത്തിയതുമുതൽ റയലിന്റെ സൈഡ് ബെഞ്ചിലേക്ക് തഴയപ്പെട്ട ബെയ്ൽ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിലേക്കു ചേക്കേറുമെന്നാണു സൂചന. 2013ൽ അക്കാലത്തെ ലോക റിക്കാർഡ് ട്രാൻസ്ഫർ തുകയായ 810 കോടി രൂപയ്ക്കായിരുന്നു ബെയ്ൽ മാഡ്രിഡിൽ എത്തിയത്.
ടോട്ടനത്തിന്റെ മാനേജരായ ഹൊസെ മൗറീഞ്ഞോ മാഡ്രിഡിൽനിന്നു ബെയ്ൽ അടക്കം രണ്ട് താരങ്ങളെ ലക്ഷ്യമിടുന്നതായാണ് സൂചന. ഇരുപത്തിമൂന്നുകാരനായ സെർജിയോ റിഗുയ്ലണിനെ സ്വന്തമാക്കാനും മൗറീഞ്ഞോയുടെ ടോട്ടനം ലക്ഷ്യമിടുന്നുണ്ട്. 2018 ഒക്ടോബറിലാണു റിഗുയ്ലണ് മാഡ്രിഡിനായി അരങ്ങേറിയത്. മാഡ്രിഡിന്റെ യൂത്ത് വിംഗിലൂടെയായിരുന്നു താരത്തിന്റെ ഉദയം.
ബെയ്ലിനെയും റിഗുയ്ലണിനെയും സ്വന്തമാക്കാൻ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുണ്ടെന്നാണ് സൂചന. ടോട്ടനത്തിലേക്ക് ലോണ്‍ വ്യവസ്ഥയിൽ ബെയ്ൽ ചേക്കേറുമെന്നും റിപ്പോർട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2020-21 സീസണിലെ ആദ്യ മത്സരത്തിൽ ടോട്ടനം ഹോം മത്സരത്തിൽ 1-0ന് എവർട്ടണിനോടു പരാജയപ്പെട്ടിരുന്നു.