ഐപിഎലിനു മുമ്പ് ഇംഗ്ലണ്ട്- ഓസ്ട്രേലിയ പരമ്പര
Sunday, August 2, 2020 12:14 AM IST
മുംബൈ: ഐപിഎല്‍ 13-ാം പതിപ്പ് തുടങ്ങും മുമ്പ് ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന ട്വന്റി 20 പരമ്പരകള്‍. പരമ്പരകള്‍ക്കായി ഓസ്ട്രേലിയന്‍ ടീം ഇംഗ്ലണ്ടിലെത്തും. ഈ പര്യടനം സെപ്റ്റംബര്‍ 16ന് പൂര്‍ത്തിയാകും. ഐപിഎല്‍ 19ന് ആരംഭിക്കും. പരമ്പര നടക്കുന്നതിനാല്‍ ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്, ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഐപിഎലിലെ അവരുടെ ടീമുകള്‍ക്കൊപ്പം ടൂര്‍ണമെന്റിന്റെ ആദ്യ ആഴ്ചയ്ക്കു ശേഷമാകും ചേരുക.
യുഎഇയിലെത്തുന്ന വിദേശകളിക്കാരെ നിര്‍ബന്ധമായും ഒരാഴ്ചത്തെ ക്വാറന്റൈനും രണ്ടു കോവിഡ് പരിശോധനകള്‍ക്കും വിധേയരാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ വന്നാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനും രാജസ്ഥാന് റോയല്‍സിനും നായകന്മാരുടെ സേവനം ലഭിക്കാന്‍ ക്വാറന്റൈന് ആഴ്ച പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കണം.
എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും ഐപിഎലില്‍ പങ്കെടുക്കുന്ന കളിക്കാരുടെ എന്‍ഒസി നല്‍കിക്കഴിഞ്ഞു. കരീബിയന്‍ പ്രീമിയര്‍ ലീഗ് സെപ്റ്റംബര്‍ പത്തിന് അവസാനിക്കും. ഫൈനലില്‍ പങ്കെടുക്കുന്ന കളിക്കാര്‍ യുഎഇയില്‍ രണ്ടാമത്തെ ആഴ്ച എത്തും. ഐപിഎല്‍ തുടങ്ങുന്നതിന് ഒരാഴ്ച മുമ്പേ കരീബിയന്‍ ലീഗിലെ കളിക്കാര്‍ യുഎഇയില്‍ എത്തിയിരിക്കും. ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗും സെപ്റ്റംബര്‍ പകുതിയോടെയേ അവസാനിക്കൂ.