കാൻഡിഡേറ്റ്സ് ചെസ്: നെപോംനിയാചിക്കു ലീഡ്
Tuesday, March 24, 2020 12:17 AM IST
അടുത്ത ലോക ചെസ്ചാന്പ്യൻഷിപ്പിൽ നിലവിലെ ചാന്പ്യൻ നേർവേയുടെ മാഗ്നസ് കാൾസനെ നേരിട്ടുന്നതാരെന്നു കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ റഷ്യയുടെ ഇയാൻ നെപോംനിയാചി ലീഡു ചെയ്യുന്നു.
റഷ്യയിലെ യെകാറ്ററിൻബർഗിൽ നടക്കുന്ന മത്സരത്തിന്റെ അഞ്ചാം റൗണ്ടിൽ ചൈനയുടെ ഗ്രാന്റ്മാസ്റ്റർ വാങ്ഹവോയെ 43-ാംനീക്കത്തിൽ പരാജയപ്പെടുത്തിയാണ് നെപോംനിയാചി ലീഡ് നേടിയത്. അഞ്ച് റൗണ്ടു മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നര പോയിന്റുമായി നെപോംനിയാചിയും മൂന്നു പോയിന്റുമായി ലാഗ്രേവും മുൻനിരയിലാണ്. മുൻപു നടന്ന നാലു കാൻഡിഡേറ്റ്സ് ടൂർണമെന്റിലും അഞ്ച് റൗണ്ട് കഴിഞ്ഞപ്പോൾ മൂന്നര പോയിന്റ് നേടിയ താരം വിജയിയായിയെന്ന ചരിത്രവുമുണ്ട്.
വെള്ളക്കരുക്കളുമായി കളിച്ച അനീഷ്ഗിരിക്ക് മുൻ ചലഞ്ചർ അമേരിക്കയുടെ ഫബിയാനോ കരുവാനയെ തോല്പിക്കാൻ ലഭിച്ച അവസരം നഷ്ടമാക്കി സമനില പാലിച്ചു. ഗ്രിഷ്ചുക്കും ഡിങ് ലീറനും തമ്മിലും അലക്സിങ്കോ കീറിലും മാക്സിം വാചിയർ ലാഗ്രേവും തമ്മിലും നടന്ന മത്സരങ്ങളും സമനിലയിൽ അവസാനിക്കുകയായിരുന്നു. നാലാംറൗണ്ട് മത്സരങ്ങളെല്ലാം സമനിലയിൽ കലാശിച്ചു. ഫ്രാൻസിന്റെ വാചിയർ ലാഗ്രേവിന് റഷ്യയുടെ അലക്സാണ്ടർ ഗ്രിഷ്ചുകിനെ പരാജയപ്പെടുത്താൻ ലഭിച്ച അവസരം പ്രയോജനപ്പെടുത്താനായില്ല.
ജോസ് തറപ്പേൽ പ്രവിത്താനം