മാഞ്ചസ്റ്റർ സിറ്റിക്കു ജയം
Monday, October 21, 2019 12:28 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബേീളിൽ എവേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 2-0ന് ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ഗബ്രിയേൽ ജീസസ് (39-ാം മിനിറ്റ്), ഡേവിഡ് സിൽവ (41-ാം മിനിറ്റ്) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്. ഈ വർഷം സിറ്റി കളിച്ച 14 എവേ മത്സരങ്ങളിലെ 12-ാം ജയമാണിത്.
അതേസമയം, കഴിഞ്ഞ സീസണിന്റെ തുടക്കം മുതൽ ക്രിസ്റ്റൽ പാലസ് സ്വന്തം കാണികൾക്കു മുന്നിൽ ഇത് 10-ാം തവണയാണ് പരാജയപ്പെടുന്നത്. മറ്റൊരു മത്സരത്തിൽ ചെൽസി സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽവച്ച് 1-0ന് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി. 73-ാം മിനിറ്റിൽ മാർകസ് അലോണ്‍സോയുടെ വകയായിരുന്നു നീലപ്പടയുടെ ഗോൾ. എവർട്ടണ്, ലെസ്റ്റർ സിറ്റി, ആസ്റ്റണ്‍ വില്ല എന്നിവയും ജയം നേടിയപ്പോൾ ടോട്ടനം, സതാംപ്ടണ് ടീമുകൾ സമനില വഴങ്ങി.
ലീഗിൽ ലിവർപൂളാണ് ഒന്നാമത്. മാഞ്ചസ്റ്റർ സിറ്റി (19 പോയിന്റ്), ലെസ്റ്റർ സിറ്റി (17 പോയിന്റ്), ചെൽസി (17 പോയിന്റ്) എന്നിവയാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിൽ.