ധോണി ക്രിക്കറ്റ് മതിയാക്കുന്നോ?
Monday, September 23, 2019 11:32 PM IST
ക്രിക്കറ്റ് ലോകം വീണ്ടും ചർച്ച ചെയ്യുന്ന വിഷയമായി മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കൽ മാറുന്നു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ധോണി നവംബര്‍ വരെ ക്രിക്കറ്റില്‍നിന്ന് വിട്ടുനിൽക്കുന്നുവെന്നാണ്. ധോണിയുടെ കാര്യത്തില്‍ ആരാധകരുടെ ഇടയിൽ വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. കഴിഞ്ഞ ലോകകപ്പിനുശേഷം ധോണി ഇന്ത്യന്‍ ജഴ്സി അണിഞ്ഞിട്ടില്ല. രണ്ട് മാസത്തെ അവധി ആവശ്യപ്പെട്ട് ടീമില്‍നിന്നും അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു. ഈ അവധിയാണ് അദ്ദേഹം നവംബര്‍ വരെ ഇപ്പോൾ നീട്ടിയിരിക്കുന്നത്.
ലോകകപ്പിന്റെ സെമിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ തോൽവി കുറച്ചൊന്നുമല്ല ധോണിയെ ബാധിച്ചിരിക്കുന്നത്. ജയിക്കും എന്നു തോന്നിപ്പിച്ചിടത്തു നിന്നാണ് ടീം തോൽവിയിലേക്കു വീണത്. ധോണി ക്രീസിൽ നിൽക്കുന്നിടത്തോളം സമയം മത്സരം ഇന്ത്യ ജയിക്കും എന്ന് ആരാധകർ കരുതി. അതിന് അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അത്രമാത്രം പ്രതിഭാധനനാണ് ധോണിയെന്ന് മുൻ അനുഭവങ്ങൾ അവരെ പഠിപ്പിച്ചിരുന്നു.
എന്നാൽ, മഹേന്ദ്രസിംഗ് ധോണിയെന്ന ലോകത്തെ മികച്ച ഫിനിഷർ അവിടെ പരാജയപ്പെട്ടു. മിന്നൽ സ്റ്റംപിംഗുമാത്രമല്ല, മത്സരത്തിന്റെ ഗതിയും അതിവേഗം മാറ്റാൻ കെൽപ്പുള്ള കളിക്കാരനാണ് ധോണി. അതിനാൽത്തന്നെ ധോണി മത്സരം അനായാസം ജയിപ്പിക്കുമെന്ന് ആളുകൾ കരുതി. കാര്യങ്ങൾ നേർവിപരീതമായി. ഇതാണ് ക്രിക്കറ്റ് ലോകത്ത് പൊതുവേ ഉയർന്ന വികാരം. ധോണിയെ പിന്തുണച്ചും നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. എങ്കിലും, ബെസ്റ്റ് ഫിനിഷർ എന്ന നിലയിൽ അദ്ദേഹം പരാജയമായിരുന്നു എന്ന വിലയിരുത്തലാണ് കൂടുതലായും ഉയർന്നത്. ഈ വിമർശനം ശരിവയ്ക്കുന്ന തരത്തിൽ അദ്ദേഹം രണ്ട് മാസത്തെ അവധി ആവശ്യപ്പെടുകയായിരുന്നു. അതാണ് ഇപ്പോൾ നവംബർവരെ നീട്ടിയിരിക്കുന്നതും. അവധി നീട്ടുന്നതോടെ വിജയ് ഹസാരെ ട്രോഫിയിലും പിന്നാലെ ബംഗ്ലാദേശിനെതിരെ നടക്കുന്ന ട്വന്റി 20യിലും ധോണി കളിക്കില്ലെന്ന് ഉറപ്പായി. നവംബറിന് ശേഷം തിരിച്ചെത്താന്‍ തീരുമാനിച്ചാല്‍ ഡിസംബറില്‍ ഇന്ത്യയില്‍ പര്യടനത്തിനെത്തുന്ന വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ധോണിയുണ്ടാവും. ഇപ്പോൾ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിൽ ധോണിക്കു പകരം ടീമിൽ ഇടം നേടിയ ഋഷഭ് പന്തിന്റെ പ്രകടനം മോശമാണ്. ഒരിക്കൽ പോലും പ്രതീക്ഷയ്ക്കൊത്തുയരാൻ പന്തിനു കഴിഞ്ഞിട്ടില്ല.
ചർച്ച തുടങ്ങിയത് കോഹ്ലിയുടെ ട്വീറ്റ്
ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ചകൾ തുടങ്ങിവച്ചത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്ന ദിവസം ധോണിയെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഒരു ട്വീറ്റാണ്. 2016ലെ ട്വന്റി 20 ലോകകപ്പിൽ ഒാസ്ട്രേലിയയെ തോൽപ്പിച്ച മത്സരത്തെ കുറിച്ചായിരുന്നു ട്വീറ്റ്. ആ മത്സരം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണെന്നും വളരെ പ്രത്യേകതയുള്ളതാണെന്നും ആയിരുന്നു ട്വീറ്റ്. കൂടെയുള്ള ധോണിയാണ് ഫിറ്റ്നെസ് മത്സരത്തിലെ പോലെ പോരാടാൻ തനിക്കു പ്രചോദനമായതെന്നും അദ്ദേഹം കുറിച്ചു. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഈ പ്രചോദനം ഇല്ലേയെന്ന തരത്തിൽ കമന്റുകൾ വരികയും അത് പിന്നീട് ധോണിയുടെ അവധിയിലും വിരമിക്കൽ ചർച്ചയിലും എത്തിച്ചേരുകയും ചെയ്തു. വിരമിക്കലിനെക്കുറിച്ച് പ്രഖ്യാപിക്കാന്‍ ധോണി വാര്‍ത്താ സമ്മേളനം വിളിച്ചേക്കുമെന്ന തരത്തിൽവരെ റിപ്പോർട്ടുകൾ വന്നിരുന്നു.
ധോണി വിരമിക്കണം: ഗാവസ്കർ
ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ രംഗത്തെത്തിയിരുന്നു. ധോണി വിരമിക്കേണ്ട കാലം ആയെന്നും നല്ല സമയത്തു തന്നെ വിരമിക്കുന്നതാണ് അദ്ദേഹത്തിനു നല്ലതെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. “അദ്ദേഹത്തോടുള്ള എല്ലാ ആദരവോടും കൂടി തന്നെയാണ് ഞാൻ ഇങ്ങനെ പറയുന്നത്. ധോണി ഇനിയും തുടരുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഇന്ത്യ മുന്നോട്ട് ചിന്തിക്കുകയാണ് ഇനി ചെയ്യേണ്ടത്. ടീമില്‍ നിന്നു മറ്റുള്ളവരാല്‍ പുറത്താക്കപ്പെടുന്നതിനു വഴിയൊരുക്കാതെ ധോണി തന്നെ സ്വയം കളി നിര്‍ത്തുന്നതാണ് ഏറ്റവും നല്ലതും ശരിയായ തീരുമാനവും.’’ ഗവാസ്കര്‍ പറഞ്ഞു.
വിരമിക്കൽ തീരുമാനം തള്ളി സെലക്ടർമാർ
എന്നാല്‍, ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് മുഖ്യ സെലക്ടര്‍ എം.എസ്.കെ. പ്രസാദ് വ്യക്തമാക്കുകയായിരുന്നു. ധോണിയുടെ ഭാര്യ സാക്ഷിയും റിപ്പോര്‍ട്ടുകള്‍ തള്ളിയിരുന്നു.