മൂന്നാം ഏകദിനം ഇന്ന്
Tuesday, August 13, 2019 11:49 PM IST
പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യ x വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരന്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന്. രണ്ടാം മത്സരത്തിൽ ജയം നേടിയ ഇന്ത്യ 1-0നു മുന്നിലാണ്. ആദ്യ മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇന്ത്യൻ സമയം രാത്രി ഏഴിനാണ് മത്സരം.
ഓപ്പണർ ശഖർ ധവാന്റെ ഫോമിലാണ് ഇന്ത്യയുടെ ആശങ്ക. ലോകകപ്പ് ക്രിക്കറ്റിൽ ഒരു സെഞ്ചുറി നേടിയതല്ലാതെ ധവാന്റെ സമീപനാളിലെ പ്രകടനം നിരാശാജനകമാണ്. വിൻഡീസിനെതിരായ ട്വന്റി-20 പരന്പരയിലും ധവാനു തിളങ്ങാൻ സാധിച്ചിരുന്നില്ല. ടെസ്റ്റ് ടീമിൽ അംഗമല്ലാത്തതിനാൽ കരീബിയൻ പര്യടനം മാന്യമായ നിലയിൽ അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് ഡൽഹി താരം.
അഞ്ചാം നന്പറിൽ രണ്ടാം ഏകദിനത്തിൽ തിളങ്ങിയ ശ്രേയസ് അയ്യറിന്റെ ഇന്നത്തെ പ്രകടനവും ആരാധകർ ഉറ്റുനോക്കുന്നു. അതോടൊപ്പം ഋഷഭ് പന്തിന്റെ ബാറ്റിംഗിലും.