‘ഇന്‍ഡെക്സ് 2025’ ഇന്ന് സമാപിക്കും
Monday, May 5, 2025 12:54 AM IST
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെ നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍ഐഡിസിസി) കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന് ‘ഇന്‍ഡെക്സ് 2025’ ഇന്ന് സമാപിക്കും.
അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ വൈകുന്നേരം 4.30ന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി മുഖ്യാതിഥിയായിരിക്കും.
ഇന്നലെ നടന്ന ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്റെ എംഎസ്എംഇ പദ്ധതികളുടെ വിവരങ്ങളടങ്ങിയ ഹാന്‍ഡ് ബുക്കിന്റെ പ്രകാശനം പി.വി. ശ്രീനിജന് എംഎല്‍എ നിര്‍വഹിച്ചു. ജനറല്‍ അഫയേഴ്സ് ഡയറക്ടര്‍ ഉണ്ണികൃഷ്ണന് നായര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ വിശാല്‍ ശര്‍മ, എന്‍ഐഡിസിസി വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി വത്സ എന്നിവര്‍ പങ്കെടുത്തു.
ബിസിനസ് രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ജെസ്പെയ്ഡ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് സില്‍വര്‍ലീഫ് ബില്‍ഡേഴ്സ് മാനേജിംഗ് ഡയറക്ടര്‍ നിഷാദ് അബൂബക്കറിനെയും ഡയറക്ടര്‍ നിസാര്‍ അബൂബക്കറിനെയും ചടങ്ങില്‍ ആദരിക്കും. ഇന്‍ഡ് ആപ്പിന്റെ ലോഞ്ചും കേന്ദ്രമന്ത്രി നിര്‍വഹിക്കും.
മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍ പ്രൈസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), വാണിജ്യ മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ട്രി ആന്‍ഡ് ഡയറിംഗ് മന്ത്രാലയങ്ങളാണ് പങ്കെടുക്കുന്നത്. 250 ലധികം സ്റ്റാളുകളാണ് എക്സിബിഷനില്‍ ഉള്ളത്.