വാറൻ ബഫറ്റ് പടിയിറങ്ങുന്നു, പിൻഗാമിയാകാൻ ഗ്രെഗ് ഏബൽ
Monday, May 5, 2025 12:55 AM IST
ഒമാഹ (നെബ്രാസ്ക): അമേരിക്കൻ നെബ്രാസ്ക ആസ്ഥാനമായുള്ള മൾട്ടിനാഷണൽ കന്പനി ബെർക്ഷെയർ ഹാതവേയുടെ സിഇഒ സ്ഥാനത്തുനിന്ന് ഈ വർഷം അവസാനത്തോടെ വിരമിക്കുമെന്ന് ശതകോടീശ്വരൻ വാറൻ ബഫറ്റ് (94) പ്രഖ്യാപിച്ചു. ഈ സ്ഥാനത്തേക്കു ഈ വർഷം അവസാനം വൈസ് ചെയർമാൻ ഗ്രെഗ് ഏബലിനെ നാമനിർദേശം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഷ്വറൻസ് മുതൽ ഉൗർജം വരെ നീളുന്ന വൈവിധ്യമാർന്ന മേഖലകളിൽ സാന്നിധ്യമുള്ള കന്പനിയിൽ ബഫറ്റിന്റെ പിൻഗാമിയായി അറുപത്തിരണ്ടുകാരനായ ഏബൽ എത്തുമെന്ന് ഏറെക്കാലമായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
ബെർക്ക്ഷെയറിന്റെ എല്ലാ ഇൻഷ്വറൻസ് ഇതര ബിസിനസുകളും അദ്ദേഹം ഇതിനകംതന്നെ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ, ബഫറ്റിന്റെ മരണശേഷം മാത്രമേ അദ്ദേഹം കന്പനിയുടെ സിഇഒ ആയി ചുമതലയേൽക്കൂ എന്ന് കരുതിയിരുന്നു. വിരമിക്കാൻ പദ്ധതിയില്ലെന്നാണ് ബഫറ്റ് എപ്പോഴും പറഞ്ഞിരുന്നത്.
അഞ്ച് മണിക്കൂർ നീണ്ട ചോദ്യോത്തര വേളയുടെ അവസാനമാണ് ബഫറ്റ് വിരമിക്കൽ വാർത്ത പ്രഖ്യാപിച്ചത്. എന്നാൽ അതേക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും അദ്ദേഹം സ്വീകരിച്ചില്ല. ഈ പ്രഖ്യാപനം വരുമെന്ന് അറിഞ്ഞിരുന്നത് ഡയറക്ടർ ബോർഡ് അംഗങ്ങളായ അദ്ദേഹത്തിന്റെ രണ്ട് മക്കൾ ഹോവാർഡും സൂസി ബഫറ്റും മാത്രമാണ്. എന്നാൽ, വേദിയിൽ ബഫറ്റിന്റെ അരികിലിരുന്ന ഏബലിന് ഇതേക്കുറിച്ച് അറിവുമുണ്ടായിരുന്നില്ല.
ആശങ്ക മറച്ചുവയ്ക്കാതെ ഓഹരിയുടമകൾ
ഇതിഹാസ നിക്ഷേപകനായ ബഫറ്റിന്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ ബെർക്ക്ഷെയർ ഹാത്വേ ഓഹരി ഉടമകൾ ആശങ്ക രേഖപ്പെടുത്തി. തുടർച്ചയായ 60 വർഷത്തിലേറെക്കാലംകൊണ്ട് അദ്ദേഹം കെട്ടിപ്പടുത്ത കന്പനി അതിന്റെ ദീർഘകാല ശ്രദ്ധയും സംസ്കാരവും നിലനിർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എന്നാൽ ബഫറ്റിന്റെ കാഴ്ചപ്പാടും താരശക്തിയും നഷ്ടപ്പെടുമോ എന്ന ഭയവും ഓഹരിയുടമകൾക്കുണ്ട്. എന്നാൽ 1.16 ട്രില്യണ്‍ ഡോളർ മൂല്യമുള്ള, 189 പ്രവർത്തന ബിസിനസുകളും 264 ബില്യണ്‍ ഡോളർ ഓഹരികളും 348 ബില്യണ്‍ ഡോളർ പണവും ബെർക് ഷെയർ ഹാതവേയ്ക്കുണ്ട്. കന്പനിയുമായി ഇത്ര ഇഴചേർന്ന വ്യക്തി ആ സ്ഥാനം വിട്ടതിനുശേഷം കന്പനി എങ്ങനെ മുന്നോട്ടുപോകുമെന്ന് വ്യക്തമല്ലെന്ന് അവർ പറഞ്ഞു.
ബെർക്ക്ഷെയറിനെ നന്നായി നയിക്കാൻ ഏബലിനു കഴിയുമെന്നാണ് പല നിക്ഷേപകരും പറയുന്നത്. എന്നാൽ, ബെർക്ക്ഷെയറിന്റെ പണം നിക്ഷേപിക്കുന്നതിൽ അദ്ദേഹം എത്രത്തോളം മികച്ചവനായിരിക്കുമെന്ന് കണ്ടറിയണമെന്ന് ഓഹരി ഉടമകൾ പറഞ്ഞു.
ഗ്രെഗ് ഏബൽ: ചെറിയ തുടക്കത്തിൽനിന്ന് വൻകിട ബിസിനസ് മേധാവിയിലേക്ക്
രണ്ടു പതിറ്റാണ്ടിലേറെയായി ബെർക്ഷയറിന്റെ പ്രധാന വ്യക്തികളിൽ ഒരാളാണ് കാനഡയുടെ ഒരു പ്രവിശ്യയായ ആൽബർട്ടയിലെ എഡ്മോണ്ടണിൽ ജനിച്ച ഏബൽ. ചെറിയ പ്രായം മുതൽ കഠിനാധ്വാനവും സ്ഥിരോത്സാസവും കൂടെക്കൂട്ടിയ ആളാണ് ഏബൽ. കുപ്പികൾ ശേഖരിക്കുക, അഗ്നിശമന ഉപകരങ്ങൾ സർവീസ് ചെയ്യുന്നതും അദ്ദേഹത്തിന്റെ ആദ്യകാല തൊഴിലിൽ പെട്ടു. കഠിനാധ്വാനവും സ്ഥിരോത്സാസവും മുന്നോട്ടു നയിച്ച ഏബൽ 1984ൽ യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയിൽനിന്ന് ബിരുദം പൂർത്തിയാക്കി.

പ്രൈസ് വാർട്ടർ ഹൗസ് കൂപ്പേഴ്സിൽ പ്രഫഷണൽ കരിയർ ആരംഭിച്ച ഏബൽ കാൾ എനർജയിലേക്കു മാറി. 1999ൽ ഈ കന്പനിയുടെ പ്രസിഡന്റ് ആകുകയും ചെയ്തു. അതേ വർഷം തന്നെ ബെർക്ഷയർ ഹാതവേ ഈ കന്പനിയുടെ ഭൂരിപക്ഷ ഓഹരി വാങ്ങി ബെർക്ഷയർ ഹാതവേ എനർജി എന്ന് പുനർനാമകരണം നൽകുകയും ചെയ്തു. ഏബലിന് ഉൗർജമേഖലയിലുള്ള പ്രാവീണ്യം ബെർക്ക്ഷയർ ഹാതവേ എനർജിയിലെ ഉയർച്ചയ്ക്കും കാരണമായി.
ബെർക്ഷെയർ ഹാതവേയുടെ സബ്സിഡിയറി സംരംഭങ്ങളായ ബിഎൻഎസ്എഫ് റെയിൽവേ, ഡയറി ക്വീൻ എന്നിവയും ഏബലിന്റെ മേൽനോട്ടത്തിൽ വളർന്നവയാണ്. എന്നിരുന്നാലും കന്പനിയുടെ ഇൻഷ്വറൻസ് വിഭാഗവും നിക്ഷേപ നയവും കൈകാര്യം ചെയ്തുള്ള പരിചയം അദ്ദേഹത്തിനില്ല. വാറൻ ബഫറ്റിന്റേതിൽനിന്നും ഏബലിന്റെ നേതൃശൈലിക്കുള്ള വ്യത്യാസം കന്പനിയെ എങ്ങനെ ബാധിക്കുമെന്ന് നിരീക്ഷിച്ചുവരികയാണ് ഓഹരിയുടമകൾ.