ജർമൻ ഐടി ഭീമനുമായി ധാരണാപത്രം ഒപ്പിട്ടു കേരളം
Thursday, September 12, 2024 11:53 PM IST
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതു ലക്ഷ്യമിട്ട് ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പുവച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ ജർമനിയിൽ ആരംഭിക്കാൻ കരാർ വഴിയൊരുക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ സംസ്ഥാന ഇലക്്ട്രോണിക്സ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കറിന്റെ സാന്നിധ്യത്തിൽ കെഎസ്യുഎം സിഇഒ അനൂപ് അംബികയും അഡെസോ ഇന്ത്യ ഡയറക്ടർ ഷാലി ഹസനും ഒപ്പുവച്ചു.
അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ പ്രമോദ് മുരളീധരൻ, അഡെസോ വെഞ്ചേഴ്സ് മാനേജിംഗ് ഡയറക്ടർ മാൾട്ടെ ഉംഗർ, അഡെസോ എസ്ഇ ബോർഡിന്റെ ഉപദേഷ്ടാവ് ടോർസ്റ്റണ്‍ വെഗെനർ,അഡെസോ ഇന്ത്യ സീനിയർ മാനേജർ സൂരജ് രാജൻ, കെഎസ്യുഎം ഹെഡ് ബിസിനസ് ലിങ്കേജസ് അശോക് പഞ്ഞിക്കാരൻ എന്നിവരും പങ്കെടുത്തു.
ഒരു വർഷത്തേക്കു സാധുതയുള്ള ധാരണാപത്രം അനുസരിച്ച് കെഎസ്യുഎമ്മും അഡെസോയും കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ സഹകരിക്കും. കെഎസ്യുഎം സ്റ്റാർട്ടപ്പുകൾക്ക് ജർമനിയിൽ വ്യവസായ ശൃംഖല വർധിപ്പിച്ച് മെച്ചപ്പെട്ട വിപണി ലഭ്യമാകുന്നതിന് അഡെസോ സൗകര്യമൊരുക്കും.
അഡെസോയുടെ ഇന്നൊവേഷൻ അജൻഡകളെക്കുറിച്ചുള്ള വിവരങ്ങൾ കെഎസ്യുഎം പരിപാടികളിലൂടെ പ്രദർശിപ്പിക്കും. വിപണിയിൽ അഡെസോയുടെ ബ്രാൻഡ് കവറേജ് വർധിപ്പിക്കുന്നതിനും കെഎസ്യുഎം സഹായിക്കും. ലോകമെന്പാടും അറുപതിലധികം സ്ഥലങ്ങളിലായി 10,100 ലധികം ജീവനക്കാരുള്ള ബഹുരാഷ്ട്ര സോഫ്റ്റവേർ കന്പനിയാണ് അഡെസോ എസ്ഇ.