നിഫ്റ്റി ജൂണ്‍ ഫ്യൂച്ചേഴ്സ് 23,325ൽനിന്ന് വാരത്തിന്റെ തുടക്കത്തിൽ റിക്കാർഡായ 23,844 വരെ ഉയർന്നങ്കിലും ഈ അവസരത്തിലെ സെൽ പ്രഷറിൽ 21,265ലേക്കു കുത്തനെ ഇടിഞ്ഞു. വാരത്തിന്റെ രണ്ടാം പകുതിയിൽ കരുത്തു വീണ്ടെടുത്ത്, 2.7 ശതമാനം പ്രതിവാരനേട്ടത്തിൽ 23,334ലാണ്. നിഫ്റ്റി ഫ്യൂച്ചർ ഓപ്പണ്‍ ഇന്ററസ്റ്റ് 157.7 ലക്ഷം കരാറുകളിൽനിന്ന് 146.3 ലക്ഷമായി കുറഞ്ഞു.
ബോംബെ സെൻസെക്സ് 2732 പോയിന്റ് പ്രതിവാരമികവിലാണ്. 73,961ൽനിന്ന് ഒരവസരത്തിൽ അഞ്ചുമാസത്തെ താഴ്ന്ന നിലയായ 70,285ലേക്കു തകർന്നടിഞ്ഞ വിപണി രണ്ടാം പകുതിയിലെ ശക്തമായ തിരിച്ചുവരവിൽ സർവകാല റിക്കാർഡായ 76,795.31 വരെ ഉയർന്നു. വ്യാപാരാന്ത്യം സെൻസെക്സ് 76,693ലാണ്. വിപണിക്കു നിലവിൽ 79,000ലേക്കു മുന്നേറാനുള്ള കരുത്തുണ്ട്. അതേസമയം, തിരുത്തലുണ്ടായാൽ 72,000ൽ താങ്ങ് പ്രതീക്ഷിക്കാം. സെൻസെക്സ് 200 ദിവസങ്ങളിലെ ശരാശരിക്കു മുകളിൽ സഞ്ചരിക്കുന്നതു നിക്ഷേപകർക്കു പ്രതീക്ഷ പകരുന്നതാണ്.
ചൈന ചതിച്ചു! പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കരുതൽ ശേഖരത്തിലേക്കുള്ള സ്വർണം വാങ്ങുന്നതിൽ സ്വീകരിച്ച നിലപാട് വെള്ളിയാഴ്ച ആഗോളവിപണിയെ പിടിച്ചുലച്ചു. ട്രോയ് ഒൗണ്‍സിന് 2388 ഡോളറിൽനിന്ന് 2285ലേക്ക് ഇടിഞ്ഞ മഞ്ഞലോഹവില വാരാന്ത്യദിനം മൂന്നര ശതമാനം ഇടിഞ്ഞ് വ്യാപാരാന്ത്യം 2292 ഡോളറിലാണ്. സ്വർണം സാങ്കേതികമായി ബിയറിഷ് മൂഡിലായതോടെ വിപണിയുടെ ദൃഷ്ടി 2224 ഡോളറിലേക്കു തിരിയാം.
രൂപ ദുർബലം ഡോളറുമായുള്ള വ്യാപാരത്തിൽ രൂപ 83.41ൽനിന്ന് 83.60ലെ പ്രതിരോധം തകർത്ത് 83.82ലേക്കു ദുർബലമായശേഷം വാരാന്ത്യം 83.46ലാണ്. റിസർവ് ബാങ്ക് പലിശനിരക്ക് മാറ്റമില്ലാതെ നിലനിർത്തി. അതേസമയം, ഭക്ഷ്യവിലക്കയറ്റം കൂടുതൽ രൂക്ഷമാണ്. വിലക്കയറ്റം ഏപ്രിലിൽ നാലു മാസത്തെ ഉയർന്ന നിരക്കായ 8.7 ശതമാനമാണ്. മേയിലെ കണക്കുകൾ ഇനിയുമുയരും.
വരൾച്ച കാർഷികമേഖലയെ പ്രതികൂലമായി ബാധിച്ചത് ഉത്പാദനക്കുറവിന് ഇടയാക്കി. ഒപ്പം കഴിഞ്ഞമാസം പഴം-പച്ചക്കറി വിലകളിലും വർധനയുണ്ടായി. വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 13,718.42 കോടി രൂപയുടെ ഓഹരി വില്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 5579 കോടി രൂപ നിക്ഷേപിച്ചു.