വാഴക്കുളം പൈനാപ്പിള്‍ ഫെസ്റ്റ്; ഒരുക്കങ്ങള്‍ തകൃതി
Thursday, May 16, 2024 11:17 PM IST
മൂവാറ്റുപുഴ: പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വാഴക്കുളത്തെ വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൈനാപ്പിൾ ഫെസ്റ്റ് 2024 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് ജോർജ് തോട്ടുമാരിക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വാഴക്കുളം 751 സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പൈനാപ്പിൾ ഫെസ്റ്റ്.
പൈനാപ്പിൾ പാചക മത്സരം, പൈനാപ്പിൾ വിളമത്സരം, കർഷക സെമിനാർ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞു രണ്ടിന് പൈനാപ്പിൾ പാചക മത്സരം, പൈനാപ്പിൾ വിള മത്സരം എന്നിവ നടക്കും. തുടർന്ന് ‘മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിന് കൃഷി വകുപ്പ് റിട്ട. ഫാം സൂപ്രണ്ട് ബിജുമോൻ സഖറിയ നേതൃത്വം നൽകും.
വൈകുന്നേരം അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. മികച്ച പൈനാപ്പിൾ കർഷകനുള്ള പൈനാപ്പിൾ ശ്രീ 2024 അവാർഡ് ഡൊമിനിക് ജോർജ് മലേക്കുടിക്കു സമ്മാനിക്കും.
വാഴക്കുളത്തെ പൈനാപ്പിൾ കൃഷിയുടെ വളർച്ചയ്ക്കും മറ്റു സംസ്ഥാനങ്ങളിലേയ്ക്കുള്ള വിപണനത്തിനും തുടക്കം കുറിച്ച ഫാ. ജോവാക്കിം പുഴക്കര സിഎംഐയെയും പൈനാപ്പിൾ സംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനത്തിന് ജോർജ് വർഗീസ് മുണ്ടയ്ക്കലിനെയും അവാർഡ് നൽകി മന്ത്രി ആദരിക്കും. മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം മടത്തും.
പി.ജെ. ജോസഫ് എംഎൽഎ കാർഷികസന്ദേശം നൽകും. ഡീൻ കുര്യാക്കോസ് എംപി പ്രസംഗിക്കും. പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് വർഗീസ് സ്വാഗതവും സെക്രട്ടറി എം.എ. ലിയോ മൂലേക്കുടിയിൽ നന്ദിയും പറയും. പത്രസമ്മേളനത്തിൽ സെക്രട്ടറി എം.എ. ലിയോ മൂലേക്കുടിയിൽ, ഡൊമിനിക് ജോർജ് മലേക്കുടിയിൽ, ജോർജ് വർഗീസ് മുണ്ടയ്ക്കൽ എന്നിവരും പങ്കെടുത്തു.