എയർ ഇന്ത്യ ജീവനക്കാരുടെ ഹർജികൾ തള്ളി
Thursday, May 16, 2024 11:17 PM IST
ന്യൂഡൽഹി: ശന്പള, പ്രമോഷൻ കുടിശിക സംബന്ധിച്ച് എയർ ഇന്ത്യ ജീവനക്കാർ സമർപ്പിച്ച റിട്ട് ഹർജികൾ സുപ്രീംകോടതി തള്ളി.
എയർ ഇന്ത്യ സർക്കാർ സ്ഥാപനമല്ലാത്തതിനാൽ ഇനി റിട്ട് ഹർജികൾ നിലനിൽക്കില്ലെന്നും അതിനാൽ കോടതിയുടെ റിട്ട് അധികാരപരിധിക്കു വിധേയമാകാൻ കഴിയില്ലെന്നും ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ശന്പള പരിഷ്കരണവും പ്രമോഷനും നൽകാത്തതിൽ കേന്ദ്രസർക്കാരിനും കന്പനിക്കുമെതിരേ ജീവനക്കാർ സമർപ്പിച്ച പരാതിയിൽ 2022ൽ ബോംബൈ ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു.
വിമാനക്കന്പനി സ്വകാര്യവത്കരിച്ചപ്പോൾ ജീവനക്കാരുടെ ആവശ്യത്തിൽ കോടതിയുടെ റിട്ട് അധികാരം ഉപയോഗിക്കാൻ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരേയാണ് ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിൽ മാറ്റം വരുത്താൻ സുപ്രീംകോടതി തയാറായില്ല.
സ്വകാര്യവത്കരണത്തിനു ശേഷം ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് എയർ ഇന്ത്യ.