ചരക്കുവാഹനങ്ങള് രൂപമാറ്റം വരുത്തിയാല് ഫിറ്റ്നസ് സസ്പെന്ഡ് ചെയ്യണം: കോടതി
Friday, April 19, 2024 11:15 PM IST
കൊച്ചി: ചരക്കുവാഹനങ്ങള് ഉയരം വര്ധിപ്പിക്കലടക്കം അനധികൃതമായി രൂപമാറ്റം വരുത്തിയാല് ഫിറ്റ്നസ് സര്ട്ടിഫിക്കറ്റ് സസ്പെന്ഡ് ചെയ്യണമെന്നു ഹൈക്കോടതി. റോഡ് സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ച് അനധികൃത ഭാഗങ്ങള് നീക്കം ചെയ്തു രജിസ്റ്ററിംഗ് അഥോറിറ്റി മുമ്പാകെ വാഹനം ഹാജരാക്കി അനുമതി നല്കും വരെ സര്ട്ടിഫിക്കറ്റ് അനുവദിക്കരുതെന്നാണ് ജസ്റ്റീസ് അനില് കെ. നരേന്ദ്രന്റെ ഉത്തരവ്.
റോഡ് സുരക്ഷാ മാനദണ്ഡങ്ങള് ലംഘിച്ച് പൊതുസ്ഥലങ്ങളില് വാഹനങ്ങള് ഓടിക്കുകയോ ഓടിക്കാന് അനുവദിക്കുകയോ ചെയ്യുന്നവര്ക്കെതിരേ ശിക്ഷാനടപടികള് സ്വീകരിക്കുകയും മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും വേണം. മോട്ടോര് വാഹന വകുപ്പിലെ എന്ഫോഴ്സ്മെന്റ് ഓഫീസര്മാര് നിയമാനുസൃതമായ നടപടികളെടുക്കുകയും വേണമെന്ന് കോടതി നിര്ദേശിച്ചു.
തിരുവനന്തപുരം വിഴിഞ്ഞത്തും കാലടി താന്നിപ്പുഴയിലും അമിതഭാരം കയറ്റിയ ടോറസ് ടിപ്പര് ലോറികളുണ്ടാക്കിയ അപകടത്തില് മൂന്നു യുവാക്കള് മരിച്ച സംഭവത്തിന്റെകൂടി അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
വിഴിഞ്ഞം മനാലി ജംഗ്ഷനില് മാര്ച്ച് 19ന് ടിപ്പര് ലോറിയില്നിന്ന് കരിങ്കല്ല് വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില് സര്ക്കാര് പ്രത്യേക റിപ്പോര്ട്ട് സമര്പ്പിച്ചു. ഹെല്മെറ്റ് വച്ചിരുന്നെങ്കിലും നെഞ്ചിലും വയറിലുമേറ്റ പരിക്കാണു മരണകാരണമായതെന്നാണ് റിപ്പോര്ട്ടിലുള്ളത്. കാലടി താന്നിപ്പുഴയില് ഏപ്രില് മൂന്നിന് ടോറസിടിച്ച് രണ്ട് ഇരുചക്രവാഹന യാത്രികര് മരിച്ചതു സംബന്ധിച്ച റിപ്പോര്ട്ടും പരിഗണിച്ചു.
ഇത്തരം വാഹനങ്ങള് പിടികൂടിയാല് പിഴ ഈടാക്കി വിട്ടു കൊടുക്കുന്നതിനെതിരേ കോടതി നിരീക്ഷണങ്ങള് നടത്തിയിട്ടുള്ളതാണ്. എന്നിട്ടും സുരക്ഷാ മാനദണ്ഡങ്ങള് ലംഘിച്ചു ചരക്കുവാഹനങ്ങള് അമിതമായി ചരക്കു കയറ്റി ചീറിപ്പായുകയാണ്.
ലെഡ്, ലെയ്സര്, നിയോണ് ലൈറ്റുകള് സ്ഥാപിച്ചും ചരക്ക് കൂടുതല് കയറ്റാന് ഉയരം കൂട്ടിയും വാഹനങ്ങളില് രൂപമാറ്റം വരുത്തുന്നതിനെതിരേയും ഉത്തരവിട്ടിട്ടുണ്ട്. മാറ്റം വരുത്തിയ വാഹന ഭാഗങ്ങള് ഉടമകളും ഡ്രൈവര്മാരും യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളില് ഇടാറുണ്ട്.
വ്ലോഗര്മാരും ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുംവിധം വീഡിയോ പ്രചരിപ്പിക്കാറുണ്ട്. ഇവര്ക്കെതിരെയെല്ലാം നടപടി വേണമെന്നും കോടതി നിര്ദേശിച്ചു.