കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോ ഡിസംബറില്‍
Wednesday, November 29, 2023 12:56 AM IST
കൊച്ചി: കേരള ജെം ആന്‍ഡ് ജ്വല്ലറി ഷോയുടെ പതിനാറാം പതിപ്പായ ‘കെജിജെഎസ് 2023’ ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വര്‍ണം, വജ്രം, പ്ലാറ്റിനം, വെള്ളി തുടങ്ങി രാജ്യത്തെ ആഭരണനിര്മാതാക്കളുടെയും സേവനദാതാക്കളുടെയും 200ലേറെ സ്റ്റാളുകള്‍ എക്സ്പോയില്‍ ഉണ്ടാകും.
ഒന്നിനു രാവിലെ 11ന് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ചെയര്മാന് എം.പി. അഹമ്മദ്, കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, ജോയ് ആലുക്കാസ് ജ്വല്ലേഴ്സ് ചെയര്മാന് ജോയ് ആലുക്കാസ്, ഭീമാ ജ്വല്ലറി ചെയര്മാന് ഡോ. ബി. ഗോവിന്ദന്, ജോസ് ആലുക്കാസ് ചെയര്മാന് എ.വി. ജോസ് എന്നിവര്‍ ചേര്‍ന്ന് മേളയുടെ ഉദ്ഘാടനം നിർവഹിക്കും. രണ്ടിനു വൈകുന്നേരം ഏഴിന് അവാര്‍ഡ് നൈറ്റും ഉണ്ടാകും.
ജ്വല്ലറി നിര്‍മാതാക്കളുടെയും കച്ചവടക്കാരുടെയും സമഗ്രമായ വളര്‍ച്ച ലക്ഷ്യമിട്ടാണു വ്യാപാരമേള സംഘടിപ്പിക്കുന്നതെന്ന് പിവിജെ എന്‍ഡവേഴ്സ് ചെയര്‍മാനും കെജിജെഎസ് ഡയറക്ടറുമായ പി.വി. ജോസ് പറഞ്ഞു.
ബിസിനസ് ടു ബിസിനസ് മീറ്റിംഗുകള്‍ക്ക് മേളയില്‍ പ്രാധാന്യം നൽകും. ജ്വല്ലറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമായി പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. പത്രസമ്മേളനത്തില്‍ കെജിജെഎസ് ഡയറക്ടര്‍മാരായ സുമേഷ് വധേര, ക്രാന്തി നാഗ്വേകര്‍ എന്നിവരും പങ്കെടുത്തു.