സ്വര്‍ണവില ഉയരത്തില്‍; വില്പനയില് മാന്ദ്യം
Tuesday, November 28, 2023 12:46 AM IST
കൊച്ചി: അന്താരാഷ്ട്ര സ്വര്‍ണവില ഉയരങ്ങളിലേക്ക് നീങ്ങുമ്പോഴും സംസ്ഥാനത്ത് സ്വര്‍ണാഭരണങ്ങളുടെ വില്പന മന്ദഗതിയില്‍. വരുംദിവസങ്ങളില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്.
ഇന്നലെ സംസ്ഥാനത്തു സ്വര്‍ണവില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,735 രൂപയും പവന് 45,880 രൂപയുമായി. സ്വര്‍ണവില ഉയരുന്നുണ്ടെങ്കിലും കേരളത്തില്‍ സ്വര്‍ണാഭരണ വില്പന മന്ദഗതിയിലാണ്. വിലവര്‍ധന മൂലം വിവാഹ ആവശ്യങ്ങള്‍ക്കുള്ള അത്യാവശ്യ പര്‍ച്ചേസുകള്‍ മാത്രമാണു നടക്കുന്നത്.
ചെറിയ ചടങ്ങുകള്‍ക്കുള്ള ആഭരണങ്ങളുടെ വില്പന വളരെ കുറവാണ്. നിലവില്‍ സ്വര്‍ണ നിർമാണ മേഖലയില്‍ പ്രതിസന്ധി വളരെ രൂക്ഷമാണ്. വില വര്‍ധിക്കുന്നതു മൂലം ചെറിയ പണിശാലകളില്‍ പ്രവര്‍ത്തനം വളരെ കുറഞ്ഞു.
ഇടത്തരം, വന്‍കിട നിർമാണശാലകളിലും ആഭരണ നിർമാണം വളരെയേറെ കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ പണമൊഴുക്ക് കുറഞ്ഞതുമൂലമാണ് സ്വര്‍ണവ്യാപാരത്തില്‍ കുറവ് നേരിടുന്നതെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ അഡ്വ. അബ്ദുൾ നാസര്‍ പറഞ്ഞു.