ഉച്ചനീചത്വം ഇല്ലാതാക്കാമെന്ന് വർഗീസ് കുര്യൻ പാല് സംഭരണത്തിലൂടെ തെളിയിച്ചു: നിര്‍മല കുര്യന്
Monday, November 27, 2023 1:37 AM IST
അങ്കമാലി: സമൂഹത്തില്‍ നിലനിന്നിരുന്ന ഉച്ചനീചത്വം അവസാനിപ്പിക്കാന്‍ പാല് സംഭരണത്തില്‍ ഡോ. വര്‍ഗീസ് കുര്യന് ഏര്‍പ്പെടുത്തിയ ഒറ്റവരി നിയമം ഏറെ പ്രയോജനം ചെയ്തുവെന്ന് മകൾ നിര്‍മല കുര്യന്. ദേശീയ ക്ഷീര ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ ഡോ.വര്‍ഗീസ് കുര്യന് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
പാല് സംഭരണത്തിനായി ഒറ്റവരിയും ഒരു പാത്രവും മാത്രമേ അനുവദിക്കൂവെന്ന നിലപാട് വിപ്ലവകരമായിരുന്നു. ആഗോളവത്കരണത്തെ സംശയത്തോടെയാണു ഡോ.കുര്യന് കണ്ടിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. കാര്‍ഷികമേഖലയില്‍ വിദേശനിക്ഷേപം ദോഷം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിച്ചു- ഡോ. നിർമല പറഞ്ഞു.
ഡോ. വര്‍ഗീസ് കുര്യന് വിഭാവനം ചെയ്ത ത്രിതല പങ്കാളിത്ത സംവിധാനമാണു മില്‍മ പൂര്‍ണമായും നടപ്പാക്കുന്നതെന്ന് പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
തീറ്റച്ചെലവ് അടക്കമുള്ള ക്ഷീരകര്‍ഷകര്‍ക്കുണ്ടാകുന്ന അനുബന്ധ ചെലവ് കുറയ്ക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ പറഞ്ഞു. റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
മില്‍മ എറണാകുളം മേഖലാ യൂണിയന്റെ കീഴിലുള്ള കന്നുകാലികള്‍ക്കായുള്ള സമ്പൂര്‍ണ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ഘാടനം ബെന്നി ബഹനാന് എംപി നിര്‍വഹിച്ചു. ഡോ. വര്‍ഗീസ് കുര്യനുമായി ആശയവിനിമയം നടത്തിയ ഓര്‍മകള്‍ മില്‍മ ചെയര്മാന് കെ.എസ്. മണി പങ്കുവച്ചു.
ലുലു ഇന്റര്‍നാഷണലുമായി ചേര്‍ന്നു മില്‍മ ഉത്പന്നങ്ങള്‍ ഇനി ലോകവിപണിയിലേക്കെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രീമിയത്തില്‍ 500 രൂപ സബ്സിഡിയോടുകൂടിയുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയും രാജ്യത്താദ്യമായി നടപ്പാക്കുന്ന ടെലി-വെറ്ററിനറി മെഡിസിന് പരിപാടിയും ക്ഷീരകര്‍ഷകര്‍ക്ക് ഏറെ സഹായകമാകുമെന്ന് മില്‍മ എറണാകുളം മേഖലാ യൂണിയന് ചെയര്മാന് എം.ടി.ജയന് പറഞ്ഞു.
തിരുവനന്തപുരം മേഖലാ യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ മണി വിശ്വനാഥ്, മില്‍മ എംഡി ആസിഫ് കെ.യൂസഫ് തുടങ്ങിയവർ പ്രസംഗിച്ചു. 1500 ഓളം ക്ഷീകര്‍ഷകര്‍ പങ്കെടുത്തു.