ജി 20 കരുത്തുറ്റ വേദിയായി മാറി: അമിതാഭ് കാന്ത്
Saturday, September 23, 2023 1:03 AM IST
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയെക്കാൾ കരുത്തുറ്റതും ലോകത്തിലെ ഏറ്റവും ശക്തമായതുമായ ബഹുരാഷ്ട്ര വേദിയാകാൻ ജി 20ക്കു കഴിയുമെന്ന് ഇന്ത്യയുടെ അധ്യക്ഷത തെളിയിച്ചതായി നിതി ആയോഗ് ഉപമേധാവി അമിതാഭ് കാന്ത്.
ലോക ജനസംഖ്യയുടെ 65 ശതമാനത്തെ പ്രതിനിധാനം ചെയ്യുന്നതും ലോക ജിഡിപിയുടെ 85 ശതമാനം ഉൾക്കൊള്ളുന്നതുമാണ് ജി 20 രാജ്യങ്ങൾ. ബഹുരാഷ്ട്രതലത്തിൽ ചർച്ചകൾ നടത്തുന്നതിനുള്ള കരുത്തുറ്റ രാഷ്ട്രമാണെന്ന് ഇന്ത്യ തെളിയിച്ചു. അടുത്തിടെ സമാപിച്ച ജി 20 ഉച്ചകോടിയിൽ നേതാക്കളുടെ ന്യൂഡൽഹി പ്രഖ്യാപനത്തിന്റെ ഭൗമ-രാഷ്ട്രീയ ഖണ്ഡികകളിൽ സമവായം നേടിയതിലൂടെ ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം ന്യൂഡൽഹിയിൽ മാധ്യമങ്ങളോടു പറഞ്ഞു.
ഉച്ചകോടിയിൽ അംഗീകരിച്ച ജി 20 പ്രഖ്യാപനത്തിൽ സമവായമുണ്ടാക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞരുടെ സംഘം 200 മണിക്കൂറിലധികം തുടർച്ചയായി ചർച്ചകൾ നടത്തി. ജി 20 രണ്ടുതട്ടിലാകുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു തുടക്കം മുതൽ ഞങ്ങളുടെ നിലപാട്. റഷ്യയും ജി 7ഉം നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചതിനാൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലേക്കുള്ള യാത്ര നിരവധി ഉയർച്ചതാഴ്ചകൾ കണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, വികസ്വര രാജ്യങ്ങളായ ബ്രസീലും ദക്ഷിണാഫ്രിക്കയും പിന്നീട് ഇന്തോനേഷ്യയും പോലുള്ള രാജ്യങ്ങളിലെ ഷെർപ്പകൾ സമവായം ഉണ്ടാക്കുന്നതിൽ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിച്ചു. പിന്നീട് സൗദി അറേബ്യ, മെക്സിക്കോ, അർജന്റീന, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ഷെർപ്പകളും സമവായത്തിലെത്താൻ ഞങ്ങൾക്കൊപ്പം ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജി 20 അധ്യക്ഷത മൊത്തം 112 ഫലങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും ഇത് ഇന്തോനേഷ്യയുടെ അധ്യക്ഷ കാലയളവിലെ ഫലങ്ങളുടെ ഇരട്ടിയിലേറെയാണെന്നും അമിതാഭ് കാന്ത് അറിയിച്ചു.
ഇന്തോനേഷ്യയിൽ 2022ൽ 50 ഫലങ്ങളും ഇറ്റലിയിൽ 2021ൽ 65 ഫലങ്ങളും വന്നപ്പോൾ, മുൻ അധ്യക്ഷതകളിലെ ഫലങ്ങൾ 20നും 30നും ഇടയിലാണ്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, മാനവകേന്ദ്രീകൃത പുരോഗതി, പരിസ്ഥിക്കനുസൃതമായ ജീവിതശൈലി, ഉൾച്ചേർക്കൽ, പ്രവർത്തനാധിഷ്ഠിത ഫലങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. ഈ പ്രഖ്യാപനവും ആഫ്രിക്കൻ യൂണിയന്റെ ഉൾപ്പെടുത്തലും ഇന്ത്യയെ ഗ്ലോബൽ സൗത്തിന്റെ ജേതാവാക്കി ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.