25 സിഎസ്ആര്‍ പദ്ധതികളുമായി കെഎല്‍എം ആക്സിവ
Wednesday, September 20, 2023 11:10 PM IST
കൊച്ചി: പ്രമുഖ ധനകാര്യ സേവനദാതാക്കളായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 25 സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പാക്കും. ആദ്യഘട്ടത്തില്‍ ആരംഭിക്കുന്ന അഞ്ചു പദ്ധതികള്‍ കൊച്ചിയില്‍ പ്രഖ്യാപിച്ചു.
1000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസസ് പരിശീലനം നല്കുന്ന "വിദ്യാമൃതം' പദ്ധതി തുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ ഹൈബ്രിഡ് സിവില്‍ സര്‍വീസസ് അക്കാദമിയായ വേദിക് ഐഎഎസ് അക്കാദമിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അഭിരുചി പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
കെഎല്‍എം ആക്സിവയുടെ കീഴിലുള്ള 1000ല്‍ അധികം ബ്രാഞ്ചുകളില്‍ സാമ്പത്തിക സാക്ഷരതാ പരിപാടി (ധന മൈത്രി) സംഘടിപ്പിക്കും. സംസ്ഥാനത്തെ 1000 കിടപ്പുരോഗികള്‍ക്ക് പ്രതിമാസ പെന്ഷന് നല്കുന്ന "സ്നേഹാര്‍ദ്രം' പദ്ധതി അടുത്ത മാസം ആരംഭിക്കും. 5000 ഓളം പാലിയേറ്റീവ് രോഗികള്‍ക്ക് സാന്ത്വന പരിപാലനം നല്കുന്ന കെഎല്‍എം ഫൗണ്ടേഷന്റെ പദ്ധതിക്ക് അനുബന്ധമായിരിക്കും പുതിയ പെന്ഷന് സ്കീം.
1000 വനിതാ സംരംഭകര്‍ക്ക് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്കുന്ന "സ്നേഹിത' പദ്ധതിയും രജതജൂബിലി വര്‍ഷത്തില്‍ നടപ്പാക്കും. വിദേശപഠനത്തിന് വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി "ബ്രിഡ്ജ്' പദ്ധതിയും കെഎല്‍എം ആക്സിവ പ്രഖ്യാപിച്ചു. കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് മുന്‍ ചെയര്മാന് ഡോ. ജെ. അലക്സാണ്ടറിന്റെ സ്മരണയ്ക്ക് ആരംഭിക്കുന്ന പ്രഭാഷണ പരമ്പര ഈവർഷം തുടങ്ങും.
കൊച്ചിയില്‍ നിർമാണം പൂര്‍ത്തിയായ കമ്പനിയുടെ ആസ്ഥാന മന്ദിരം നവംബറില്‍ ഉദ്ഘാടനം ചെയ്യും. 2024ല്‍ നടക്കുന്ന ഐപിഒയ്ക്കുള്ള തയാറെടുപ്പുകളും വേഗതയിലാക്കിയെന്ന് ചെയര്മാന് ടി.പി. ശ്രീനിവാസൻ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഷിബു തെക്കുംപുറം, ഡയറക്ടര്‍മാരായ ഏബ്രഹാം തര്യന്, എം.പി. ജോസഫ്, കെ.എം. കുര്യാക്കോസ്, സിഇഒ മനോജ് രവി എന്നിവര്‍ അറിയിച്ചു.