അയ്യന്തോൾ ബാങ്കിൽ പരിശേധന 24 മണിക്കൂർ
Tuesday, September 19, 2023 11:45 PM IST
തൃശൂർ: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ചുവടുപിടിച്ച് അയ്യന്തോൾ സഹകരണ ബാങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന അവസാനിച്ചു.
കേസിലെ മുഖ്യപ്രതി സതീഷിന്റെ അയ്യന്തോൾ ബാങ്കിലെ അക്കൗണ്ടുകളിലൂടെ പലർ ചേർന്ന് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്ന സൂചനയിൽ തിങ്കളാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെവരെ 24 മണിക്കൂറാണു പരിശോധന നീണ്ടത്.
സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങൾ ഇഡി പൂർണമായും പരിശോധിച്ചെന്ന് അയ്യന്തോൾ ബാങ്ക് പ്രസിഡന്റ് എൻ. രവീന്ദ്രനാഥൻ പറഞ്ഞു. പരിഭ്രാന്തി പരത്തിയാണ് ഇഡിയെത്തിയത്. ഒരാളുടെ അക്കൗണ്ടിലേക്ക് ഒരു ദിവസം 25 തവണ പണമടച്ചാൽ ബാങ്കിന് ഒന്നും ചെയ്യാൻ സാധിക്കില്ല. പലയാളുകളായിരിക്കും പണമടച്ചിട്ടുണ്ടാകുക.
ബാങ്കിനെ സതീഷ് ദുരുപയോഗം ചെയ്തിട്ടുണ്ടാകും. നിക്ഷേപകർക്ക് ആശങ്ക വേണ്ട. അവർക്കു പണം നൽകാൻ സാധിക്കും. അയ്യന്തോൾ ബാങ്കിൽ സതീഷ് പരിചയപ്പെടുത്തിയവരുടെ വായ്പാ ഇടപാടുകൾ ഇഡി പരിശോധിച്ചെന്നും വിവരങ്ങൾ കൈമാറിയെന്നും പ്രസിഡന്റ് പറഞ്ഞു.