40 വ്യവസായ എസ്റ്റേറ്റുകൾ പ്രഖ്യാപിച്ചു
Saturday, June 10, 2023 12:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി സർക്കാർ പ്രഖ്യാപിച്ചു.
വ്യവസായ സംരംഭങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങൾക്കാണ് വ്യവസായ എസ്റ്റേറ്റ് പദവി നൽകിയത്. ഈ എസ്റ്റേറ്റുകളിൽ സംരംഭങ്ങൾ ആരംഭിക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി ഏകജാലക ക്ലിയറൻസ് ബോർഡുകളും രൂപീകരിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
എറണാകുളം ജില്ലയിലെ എടയാർ, തൃശൂർ ജില്ലയിലെ പുഴയ്ക്കൽ പാടം, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, ആലപ്പുഴയിലെ അരൂർ, തിരുവനന്തപുരത്തെ വേളി തുടങ്ങി 40 പ്രദേശങ്ങളാണ് വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിക്കപ്പെട്ടത്. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വിവിധ തരം ലൈസൻസുകൾ, ക്ലിയറൻസുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ അതിവേഗം ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഇടുക്കി ജില്ലയിലെ അഞ്ച് ഏക്കറുള്ള മുട്ടം ആണ് ഏറ്റവും ചെറിയ വ്യവസായ എസ്റ്റേറ്റ്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഏറ്റവും വലുതും. 532.8 ഏക്കർ വിസ്തൃതിയുണ്ട് കഞ്ചിക്കോടിന്. എറണാകുളം ജില്ലയിലെ എടയാർ ആണ് വലുപ്പത്തിൽ രണ്ടാം സ്ഥാനത്ത്.