ദിനപത്രങ്ങളുടെ സ്വാധീനം നിഷേധിക്കാനാവാത്തത്: മാത്യു ജോസഫ്
Monday, January 17, 2022 1:19 AM IST
കൊച്ചി: കേരളത്തില്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനത്തിന് പരസ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യവസായികള്‍ ദിനപത്രങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കേണ്ടതെന്ന് പ്രമുഖ വ്യവസായിയും ഫ്രഷ് ടു ഹോം സഹസ്ഥാപകനുമായ മാത്യു ജോസഫ്. എറണാകുളം ഹോട്ടല്‍ ലൂമിനാറയില് വ്യാപാര വ്യവസായ രംഗത്തുള്ള ചെറുപ്പക്കാരുടെ സംഘടനയായ ജെസി (ജൂണിയര്‍ ചേംബര്‍) എന്റര്‍പ്രണേഴ്സ് നെറ്റ്വര്‍ക്ക് (ജെന്‍) കൊച്ചിന് ശാഖയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ അനുഭവത്തില്‍ കേരളത്തിലെ പത്രമാധ്യമങ്ങളില്‍ പരസ്യം ചെയ്യുമ്പോള്‍ കിട്ടുന്ന ഫലം നവമാധ്യമങ്ങളില്‍ പരസ്യം ചെയ്യുമ്പോള്‍ ലഭിക്കുന്നില്ല. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ തിരിച്ചുമാണെന്ന് അദ്ദേഹം പറഞ്ഞു.
ജെന്‍ കൊച്ചിന് ശാഖയുടെ പ്രസിഡന്റായി റിപ്പയര്‍ കൊച്ചി മാനേജിംഗ് ഡയറക്ടര്‍ ആര്‍ക്കിടെക്ട് ഐ.കെ. ശ്യാമും, സെക്രട്ടറിയായി പെപ്പെ ബിബക്യു സ്ഥാപകന്‍ ഷോണ്‍ ജോര്‍ജും ചുമതലയേറ്റു. ചടങ്ങില്‍ ജെന്‍ ബോര്‍ഡ് ചെയര്മാന് സി.എസ്. അജ്മല്‍, സോണ്‍ പ്രസിഡന്റ് ജോബിന് കുര്യാക്കോസ്, പേര്സെപ്ഷന് മാനേജ്മെന്റ് വിദഗ്ധന്‍ സാലു മുഹമ്മദ്, ജിംലറ്റ് ജോര്‍ജ്, സത്താര്‍ അലി, രവി മേനോന്, ബിജു ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.