രണ്ടരമാസത്തിനുശേഷം ജാക്ക് മാ പ്രത്യക്ഷപ്പെട്ടു
Thursday, January 21, 2021 12:07 AM IST
ബെയ്ജിംഗ്: ചൈനയിലെ ഏറ്റവും വലിയ സംരംഭകനും ആലിബാബ ഗ്രൂപ്പ് സ്ഥാപകനുമായ ജാക്ക് മാ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. രണ്ടരമാസത്തിനുശേഷമാണ് ഇ-കൊമേഴ്സ് വന്പനായ മാ പൊതുയിടത്തിൽ എത്തുന്നത്.
50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ അദ്ദേഹം തന്റെ ഫൗണ്ടേഷനെ പിന്തുണച്ച അധ്യാപകർക്ക് അഭിനന്ദനം അറിയിച്ചു. എന്നാൽ രണ്ടരമാസത്തെ "ഒളിവുജീവിതം’ സംബന്ധിച്ച് ഒന്നും പറഞ്ഞില്ല. ആലിബാബ ഗ്രൂപ്പിനുമേൽ ചൈനീസ് ഭരണകൂടം നടത്തുന്ന കടുത്ത നിയന്ത്രണങ്ങളിന്മേലും അദ്ദേഹം മൗനംപാലിച്ചു. ചൈനീസ് ബിസിനസ് മാധ്യമങ്ങളിലും മറ്റു വെബ്സൈറ്റുകളിലുമാണു വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഒക്ടോബർ 24ന് ഷാംഗ്ഹായ് കോണ്‍ഫറൻസിൽ ഭരണകൂടത്തിനുനേർക്കു വിമർശനങ്ങൾ ഉയർത്തിയ മാ പിന്നീടു പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നില്ല. മായെ സംബന്ധിച്ച ചോദ്യങ്ങളോടു ഭരണകൂടമോ കന്പനിയോ പ്രതികരിച്ചിട്ടുമില്ല. ഭരണകൂടം മായെ നിയന്ത്രണത്തിലാക്കിയെന്നാണ് അഭ്യൂഹങ്ങൾ.