ഡിആർസി പരിശോധനാ നിരക്ക് റബർ ബോർഡ് ഇരട്ടിയാക്കി
Wednesday, January 20, 2021 12:14 AM IST
കോട്ടയം: റബർ ബോർഡ് ലാബുകളിൽ ലാറ്റക്സ് ഡ്രൈ റബർ കണ്ടന്റ് (ഡിആർസി) പരിശോധനാ നിരക്ക് 60 രൂപയിൽനിന്ന് റബർ ബോർഡ് 119 രൂപയായി ഉയർത്തി.
കർഷകരും ആർപിഎസുകളും ലാറ്റക്സ് വ്യാപാരികളും ഡിആർസി ആധികാരികത ഉറപ്പാക്കുന്നത് റബർ ബോർഡ് ലാബുകളിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ്. ലാറ്റക്സ് വിൽക്കുന്ന കർഷകരിൽനിന്ന് നിസാരമായ നിസാര ചെലവു മാത്രമുള്ള ഈ പരിശോധനയ്ക്ക് ഇരട്ടി നിരക്ക് ഈ മാസം മുതലാണു വർധിപ്പിച്ചിരിക്കുന്നത്.
നൂറ് മില്ലി റബർ ലാറ്റക്സ് സാന്പിൾ വാങ്ങി ഉണക്കി അതിൽനിന്നാണ് ശാസ്ത്രീയവും കൃത്യവുമായി റബറിന്റെ അളവ് നിർണയിക്കുന്നത്.
സ്വകാര്യ ലാബുകൾ 35 രൂപയായിരുന്നു ഇതേ പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. റബർ ബോർഡ് നിരക്ക് കൂട്ടിയതോടെ സ്വകാര്യ ലാബുകൾ 50 രൂപയായി നിരക്ക് വർധിപ്പിച്ചു. വിലയും തൂക്കവും സംബന്ധിച്ചു കർഷകരും ലാറ്റക്സ് വ്യാപാരികളും തമ്മിൽ തർക്കമുണ്ടായാൽ റബർ ബോർഡ് നിശ്ചയിക്കുന്ന ഡിആർസിയാണ് അടിസ്ഥാനമാക്കുക.
ദിവസം അയ്യായിരത്തിലേറെ സാന്പിളുകളാണ് റബർ ബോർഡിന്റെ വിവിധ ലാബുകളിൽ പരിശോധനയ്ക്കു ലഭിക്കുന്നത്.