സ്വകാര്യത ചോർത്തില്ലെന്ന് വാട്സ്ആപ്
Tuesday, January 12, 2021 11:54 PM IST
തൃശൂർ: കൂട്ടപ്പലായനം നിലനിൽപ്പിനുതന്നെ ഭീഷണിയായപ്പോൾ സ്വകാര്യ വിവരങ്ങൾ ചോർത്തില്ലെന്നു വാട്സ്ആപ്. ആർക്കു സന്ദേശം അയയ്ക്കുന്നുവെന്നോ സന്ദേശത്തിലെ വിവരങ്ങൾ എന്താണെന്നോ മറ്റാർക്കും നൽകില്ല. ഇക്കാര്യങ്ങളിൽ സ്വകാര്യതയുണ്ടാകുമെന്ന് വാട്സ്ആപ് അറിയിച്ചു.
ഫോണ് നന്പറോ വാട്സ്ആപ് വരിക്കാർ എവിടേക്കെല്ലാം പോകുന്നുവെന്നോ ഉള്ള വിവരങ്ങൾ ഫേസ് ബുക്കിനോ മറ്റുള്ളവർക്കോ ചോർത്തിനൽകില്ലെന്നും വാട്സ് ആപ് വിശദീകരിച്ചു.
ബിസിനസ് ചാറ്റുകളിലെ ബിസിനസ് സംബന്ധമായ വിവരങ്ങൾ മാത്രമേ കൈമാറുകയുള്ളൂവെന്നാണു വാട്സ്ആപ്പിന്റെ പുതിയ വിശദീകരണം.
വിവരങ്ങൾ കൈമാറുമെന്ന വാട്സ്ആപ്പിന്റെ പുതിയ നയം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കകമാണ് പുതിയ വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
സ്വകാര്യ വിവരങ്ങൾ കൈമാറുമെന്ന ഭീതിമൂലം വാട്സ്ആപ്പിൽനിന്ന് വലിയ ഗ്രൂപ്പുകൾ അടക്കമുള്ളവർ പലായനം ചെയ്യാൻ തുടങ്ങിയെന്ന് ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. വാട്സ്ആപ്പിനെപ്പോലെ സമാന സേവനങ്ങൾ നൽകുന്ന സിഗ്നൽ ആപ്പിലേക്ക് ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പലായനം ചെയ്തത്.