അന്പരപ്പിച്ച് അംബാനി
Wednesday, July 15, 2020 11:24 PM IST
മുംബൈ: തദ്ദേശീയ നിർമിതികൾക്കു രാജ്യത്ത് പ്രചാരമേറുന്നതിനിടെ ‘മേഡ് ഇൻ ഇന്ത്യ’5 ജി സാങ്കേതിക വിദ്യ പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കന്പനിയുടെ 43- മത് വാർഷിക പൊതുയോഗത്തിലാണ് അംബാനിയുടെ വിസ്മയ പ്രഖ്യാപനം.
സ്പെക്ട്രം ലഭ്യമായാലുടൻതന്നെ ജിയോ വികസിപ്പിച്ചെടുത്ത 5 ജി, പരീക്ഷണങ്ങൾക്കു തയാറാണെന്നും അടുത്ത വർഷത്തോടെ ഉപയോഗിച്ചുതുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമേ രാജ്യത്തെ 20 സ്റ്റാർട്ടപ് പങ്കാളികളുടെ സഹകരണത്തോടെ തയാറാക്കിയ,ലോക നിലവാരത്തിലുള്ള 4ജി, 5ജി, ക്ലൗഡ് കംപ്യൂട്ടിംഗ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, കംപ്യൂട്ടർവിഷൻ വിദ്യകൾ കന്പനിക്കു സ്വന്തമാണ്.
ഡിജിറ്റൽ രംഗത്തെ വളർച്ചയ്ക്കുള്ള അഞ്ച് ഘടകങ്ങളായ മൊബൈൽ ബ്രോഡ് ബാൻഡ്, ജിയോ ഫൈബർ, ജിയോസ് എന്റർപ്രൈസ് ബ്രോഡ് ബാൻഡ്, ബ്രോഡ് ബാൻഡ് ഫോർ എസ്എംഇ, ജിയോസ് ഇന്റർനെറ്റ് ഓഫ് തിംഗ് എന്നിവയുടെ പ്രവർത്തനവും കന്പനി ആരംഭിച്ചുകഴിഞ്ഞു. വീഡിയോ കോണ്‍ഫറൻസിംഗ് ആപ്പായ ജിയോ മീറ്റ് ഇതിനോടകം നേടിയത് 50 ലക്ഷം ഡൗണ്ലോഡ്കളാണ്.- അംബാനി കൂട്ടിച്ചേർത്തു.
എൻട്രി ലെവൽ സ്മാർട്ഫോണ്‍
മുംബൈ: ഗൂഗിളുമായി സഹകരിച്ച് എൻട്രി ലെവൽ സ്മാർട്ട്ഫോണ്‍ പുറത്തിറക്കുമെന്ന് അംബാനി. രാജ്യത്ത് നിലവിൽ 2ജി ഫോണ്‍ ഉപയോഗിക്കുന്ന 35 കോടി ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള സംവിധാനങ്ങളുള്ള സ്മാർട്ഫോണ്‍ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലായിരിക്കും പ്രവർത്തിക്കുക. നെറ്റ് ഉപയോഗിക്കാൻ കഴിയാത്ത, സ്മാർട് ഫോണില്ലാത്തെ ഇന്ത്യക്കാർ നിരവധിയാണ്. ഈ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടേ പറ്റൂ- അംബാനി പറഞ്ഞു.
ഗൂഗിൾ വക 33,737 `കോടി

മുംബൈ: റിലയൻസിന്റെ ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപിച്ച് ടെക് വന്പൻ ഗൂഗിളും. 33737 കോടി രൂപ മുതൽമുടക്കി ജിയോ പ്ലാറ്റ്ഫോംസിന്റെ 7.7 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. ഇതോടെ ഏപ്രിൽ മുതൽ ആരംഭിച്ച വിവിധ നിക്ഷേപങ്ങളിലായി റിലയൻസിന് കൈവന്നത് 1.52 ലക്ഷം കോടിയിലേറെ.
ഗൂഗിളുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഗൂഗിളിന്റെ നിക്ഷേപത്തോടെ റിലയൻസ് അതിന്റെ മൂലധന സമാഹരണ ലക്ഷ്യം പൂർത്തിയാക്കിയെന്നും അംബാനി പറഞ്ഞു. ഇന്ത്യയുടെ ഡിജിറ്റൽ രൂപമാറ്റത്തിൽ റിലയൻസിന് വലിയ പങ്കാണുള്ളതെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ അഭിപ്രായപ്പെട്ടു. സോഷ്യൽമീഡിയ വന്പൻ ഫേസ്ബുക്ക് 43,573.62 കോടി രൂപ നിക്ഷേപിച്ച് ജിയോ പ്ലാറ്റ്ഫോംസിലെ 9.99 ശതമാനം ഓഹരികൾ നേരത്തെ സ്വന്തമാക്കിയിരുന്നു.