ടെലികോം പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു
Tuesday, February 18, 2020 11:57 PM IST
ന്യൂഡൽഹി: ടെലികോം മേഖലയുടെ പ്രശ്നപരിഹാരത്തിനു വഴിതെളിഞ്ഞില്ല. പാപ്പർ ഭീഷണി നേരിടുന്ന വോഡഫോൺ ഐഡിയ കന്പനിയുടെ ചെയർമാൻ കുമാർ മംഗളം ബിർള ടെലികോം സെക്രട്ടറി അംശു പ്രകാശിനെ ഇന്നലെ സന്ദർശിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു.
കന്പനികൾ എജിആർ കുടിശിക മുഴുവൻ അടച്ചില്ലെങ്കിൽ കന്പനികൾ നൽകിയ ബാങ്ക് ഗാരന്റി വസൂലാക്കുമെന്നു സർക്കാർ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാങ്ക് ഗാരന്റി പണമാക്കാൻ സുപ്രീംകോടതി അനുവദിച്ചിട്ടുമുണ്ട്. ബാങ്ക് ഗാരന്റി പിടിച്ചാൽ വോഡഫോൺ ഐഡിയ പ്രവർത്തനം നിർത്തേണ്ടിവരുമെന്നാണു കന്പനിയുടെ നിലപാട്.
ഇപ്പോൾ ഒന്നും പറയാനാവില്ലെന്നാണു ടെലികോം സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ബിർള പറഞ്ഞത്. വോഡഫോൺ ഐഡിയ തിങ്കളാഴ്ച 2500 കോടി രൂപ അടച്ചു. ഈയാഴ്ചതന്നെ ആയിരം കോടി കൂടി അടയ്ക്കും. പഴയ വോഡഫോൺ - ഹച്ച് ലയനത്തിന്റെ പേരിൽ സർക്കാർ ഈടാക്കിയ 7000 കോടി രൂപ തിരിച്ചു നൽകാനുള്ള കോടതിവിധി അനുസരിച്ച് ആ തുക കുടിശികയിലേക്കു വകവയ്ക്കാനും കന്പനി ആവശ്യപ്പെടുന്നു. 57,000 കോടിയിലധികം രൂപയാണു കന്പനി അടയ്ക്കാനുള്ളത്.