എസ്ഐബി മൂന്നാംപാദ അറ്റാദായം 90.54 കോടി
Thursday, January 16, 2020 11:21 PM IST
തൃശൂർ: സൗത്ത് ഇന്ത്യൻ ബാങ്ക് 2019-20 സാമ്പത്തിക വർഷത്തിലെ മൂന്നാംപാദ ഫലം പ്രഖ്യാപിച്ചു. 90.54 കോടി രൂപയാണ് അറ്റാദായം. കഴിഞ്ഞ സാമ്പത്തികവർഷം മൂന്നാം പാദത്തിൽ ഇത് 83.85 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ എട്ടു ശതമാനം വർധന. പ്രവർത്തനലാഭം 332.01 കോടി രൂപയിൽനിന്ന് 383.14 കോടി രൂപയായി. 15.40 ശതമാനമാണ് വർധന. അറ്റപലിശ വരുമാനത്തിൽ ഉണ്ടായ നേട്ടമാണ് ഈ വർധന കൈവരിക്കാൻ സഹായിച്ചത്.
ബാങ്കിന്റെ മൊത്തം ബിസിനസ് ഈ പാദത്തിൽ 1,50,000 കോടി രൂപ കടന്നു. ഇത് 12,479 കോടി രൂപ വർധിച്ച് 1,50,208 കോടി രൂപയായി. ഒമ്പതു ശതമാനം വളർച്ച. നിക്ഷേപങ്ങൾ (സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റ് കൂടാതെ) 7,942 കോടി രൂപ വർധിച്ച് 80,451 കോടി രൂപയായി. 11 ശതമാനം ആണ് വളർച്ച. കറന്റ്, സേവിംഗ്സ് അക്കൗണ്ടുകൾ 2,517 കോടി രൂപ വർധിച്ച് 21,422 കോടി രൂപയും വായ്പകൾ 5,270 കോടി രൂപ വർധിച്ച് 65,334 കോടി രൂപയും ആയി.
അറ്റപലിശ വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ 15.81 ശതമാനം വർധനയുണ്ടായി. ഇതര വരുമാനത്തിൽ 18.02 ശതമാനം ആണ് വർധന. മൊത്തം നിഷ്ക്രിയ ആസ്തി 4.96 ശതമാനം രേഖപ്പെടുത്തി. റീട്ടെയിൽ, കാർഷിക, എംഎസ്എംഇ മേഖലകളിൽ ഉള്ള വായ്പാവർധന ബാങ്കിനെ ഒരു റീട്ടെയിൽ പവർഹൗസ് ആക്കുക എന്ന ലക്ഷ്യം വളരെ വേഗം കൈവരിക്കാൻ സഹായിക്കുമെന്ന് എംഡിയും സിഇഒയുമായ വി.ജി. മാത്യു ഫലപ്രഖ്യാപനവേളയിൽ പറഞ്ഞു. കോർപറേറ്റ് മേഖലകളിലേക്കുള്ള വായ്പകളുടെ അനുപാതം വാർഷികാടിസ്ഥാനത്തിൽ 35 ശതമാനത്തിൽ നിന്നു 30 ശതമാനമാക്കി കുറച്ചുകൊണ്ട് റീട്ടെയിൽ രംഗത്തു ശ്രദ്ധ കേന്ദ്രീകരിച്ചതു ബാങ്കിന്റെ ബാലൻസ് ഷീറ്റിനു ശക്തി പകർന്നെന്ന് അദ്ദേഹം പറഞ്ഞു.
വാർഷികാടിസ്ഥാനത്തിൽ റീട്ടെയിൽ മേഖല 17.66 ശതമാനം വർധിച്ചു. മൊത്തം മോർട്ട്ഗേജ് മേഖലയിലെ വളർച്ച 28 ശതമാനം ആണ്. കാർഷിക/ എംഎസ്എംഇ മേഖലകളിൽ യഥാക്രമം 20.80 ശതമാനവും 14.36 ശതമാനവും വളർച്ച കൈവരിക്കാനായി.നീക്കിയിരിപ്പ് അനുപാതം കഴിഞ്ഞ വർഷത്തെ 41.17 ശതമാനത്തിൽനിന്ന് 50.37 ശതമാനമായി ഉയർന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 12.02 ശതമാനമാണ്.