എണ്ണവില താണു; ഓഹരികൾ കയറി
Wednesday, September 18, 2019 10:57 PM IST
മുംബൈ: ആഗോള എണ്ണവിപണി ഏറെക്കുറെ സ്ഥിരത കൈവരിച്ചത് ഓഹരിവിപണിയെ ശാന്തമാക്കി. ഡോളറിനു മേൽ രൂപയ്ക്കു നേട്ടമുണ്ടായതും വിപണിയെ സഹായിച്ചു.സെൻസെക്സ് 82.79 പോയിന്റ് ഉയർന്ന് 36,563.88 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 23.05 പോയിന്റ് കയറി 10,840.65 ൽ ക്ലോസ് ചെയ്തു.
ഈ മാസാവസാനം അബ്കെയ്കിലെ ക്രൂഡ് സംസ്കരണ കേന്ദ്രം പ്രവർത്തനക്ഷമമാകുമെന്നു സൗദി അറേബ്യ പ്രസ്താവിച്ചത് എണ്ണവിപണിയെ ശാന്തമാക്കി. വീപ്പയ്ക്ക് 64 ഡോളറിലേക്ക് ബ്രെന്റ് ഇനം ക്രൂഡ് താണു. പശ്ചിമേഷ്യയിൽ അവിചാരിത സംഭവങ്ങൾ ഉണ്ടായില്ലെങ്കിൽ എണ്ണവില താഴ്ന്നു നിൽക്കുമെന്നാണു പ്രതീക്ഷ. ഇറാനെതിരേയും യുഎൻ നേതൃത്വത്തിൽ നടപടി വേണമെന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്. സൈനിക നടപടിയല്ല, ഉപരോധമാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്നാണ് ഇതിന്റെ വ്യാഖ്യാനം. ഉപരോധം ശക്തമാക്കുന്നത് എണ്ണലഭ്യതയിൽ കാര്യമായ മാറ്റം വരുത്തില്ല.
എന്നാൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായാൽ സാഹചര്യം മാറും.
എണ്ണവിലയേക്കാൾ അമേരിക്കൻ പലിശനിരക്കിലാണ് നിക്ഷേപകർ ഇന്നലെ ശ്രദ്ധിച്ചത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശയിൽ എത്ര കുറവ് വരുത്തും എന്നായിരുന്നു നോട്ടം. യുഎസിൽ പലിശ കുറയുന്പോൾ സാന്പത്തിക വളർച്ച കൂടുമെന്നു പ്രതീക്ഷയുണ്ട്. ഒപ്പം അമേരിക്കയിൽനിന്നു മൂലധനം വികസ്വര രാജ്യങ്ങളിലേക്കു നീങ്ങുകയും ചെയ്യും.
പലിശ കുറയ്ക്കലിനൊപ്പം കടപ്പത്രങ്ങൾ തിരിച്ചുവാങ്ങാൻ ഫെഡ് തീരുമാനിച്ചാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു നേട്ടമാകും. അമേരിക്കൻ ധനകാര്യ നിക്ഷേപകർ ഇവിടേക്കു തിരിയും എന്നതാണു കാരണം.