ഗാസയിൽനിന്നു പലസ്തീനികളെ ഒഴിപ്പിക്കാനുള്ള നീക്കത്തെ എതിർത്ത് ജോർദാൻ രാജാവ്
Thursday, February 13, 2025 3:14 AM IST
ന്യൂയോർക്ക്: ഗാസയിൽനിന്നു പലസ്തീനികളെ ഒഴിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി തള്ളി ജോർദാൻ രാജാവ് അബ്ദുള്ള.
ചൊവ്വാഴ്ച ട്രംപുമായി വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ജോർദാൻ രാജാവ് നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഗാസയിലെ രോഗികളായ 2,000 കുട്ടികളെ ഏറ്റെടുക്കാമെന്ന് ജോർദാൻ രാജാവ് അറിയിച്ചു.
ഗാസ എറ്റെടുക്കാനും ഗാസാ നിവാസികളെ ജോർദാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു മാറ്റാനുമാണു ട്രംപ് പദ്ധതിയിടുന്നത്.
ഗാസക്കാരെ ഏറ്റെടുത്തില്ലെങ്കിൽ ജോർദാൻ, ഈജിപ്റ്റ് രാജ്യങ്ങൾക്കുള്ള സഹായം നിർത്തിവയ്ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. മിഡിൽ ഈസ്റ്റിൽ യുഎസിന്റെ സുപ്രധാന കൂട്ടാളിയായ ജോർദാനിൽ നിലവിൽ ലക്ഷക്കണക്കിനു പലസ്തീൻകാർ വസിക്കുന്നുണ്ട്.