അദാനിക്ക് ആശ്വാസവുമായി ട്രംപ്
Wednesday, February 12, 2025 2:43 AM IST
വാഷിംഗ്ടൺ: ഇന്ത്യൻ ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിക്കെതിരേയുള്ള കൈക്കൂലിക്കേസിലെ നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട് യുഎസ് പ്രഡിഡന്റ് ഡോണൾഡ് ട്രംപ്.
അരനൂറ്റാണ്ട് പഴക്കമുള്ള എഫ്സിപിഎ (ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്ട്) നിയമം ഇതിനായി ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ അദ്ദേഹം ഒപ്പുവച്ചു.
വ്യാപാരക്കരാറുകൾ ലഭിക്കുന്നതിനായി വിദേശ സർക്കാരുകളിലെ ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുക്കുന്നത് നിരോധിക്കുന്ന നിയമമാണ് 1977ലെ എഫ്സിപിഎ. അദാനിക്കും ബന്ധുവായ സാഗറിനും എതിരേ ഈ നിയമം ഉപയോഗിക്കുന്നത് നിർത്തിവയ്ക്കാൻ യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടിക്ക് ട്രംപ് നിർദേശം നൽകി.
ജോ ബൈഡന്റെ കാലത്ത് നീതി വകുപ്പ് അദാനിക്കെതിരേ കൈക്കൂലിക്കേസിൽ അനാവശ്യ നടപടികളെടുക്കാൻ തുനിഞ്ഞത് യുഎസിന്റെ അടുത്ത സുഹൃത്തായ ഇന്ത്യയുമായുള്ള ബന്ധം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി യുഎസ് ജനപ്രതിനിധി സഭാംഗങ്ങൾ അറ്റോർണി ജനറലിനു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.
എഫ്സിപിഎ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും നയങ്ങളും 180 ദിവസം കൊണ്ട് പുനഃപരിശോധിക്കണമെന്നും ട്രംപ് അറ്റോർണി ജനറലിനോട് ആവശ്യപ്പെട്ടു. എന്നാൽ, ഈ കാലാവധിക്കു ശേഷം നീതിവകുപ്പ് എന്തു നടപടിയെടുക്കുമെന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.