ഹാഷിം സഫി അൽദിൻ ഹിസ്ബുള്ള തലവനായേക്കും
Monday, September 30, 2024 12:34 AM IST
ബെയ്റൂട്ട്: ഹസൻ നസറുള്ളയുടെ ബന്ധുവായ ഷിയാ പുരോഹിതൻ ഹാഷിം സഫി അൽദിൻ ഹിസ്ബുള്ളയുടെ അടുത്ത തലവനാകുമെന്നു റിപ്പോർട്ട്. നസറുള്ളയും ഹാഷിമും സഹോദരിമാരുടെ മക്കളാണ്. നസറുള്ള ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതുവരെ ഹിസ്ബുള്ള നേതൃപദവിയിൽ രണ്ടാമനായിരുന്നു ഹാഷിം. നസറുള്ളയുമായി രൂപസാദൃശ്യവുമുണ്ട്. നസറുള്ളയും ഹാഷിമും ഒരുമിച്ചാണ് ഇറാനിലും ഇറാക്കിലും മതപഠനം നടത്തിയത്.
ഹിസ്ബുള്ളയുടെ ഷൂരാ സമിതിയിൽ അംഗമായ ആറു പുരോഹിതരിൽ ഒരാളായ ഹാഷിമിനെ അമേരിക്ക 2017ൽ ആഗോള തീവ്രവാദിയായി മുദ്രകുത്തിയിരുന്നു. ഹിസ്ബുള്ളയുടെ രാഷ്ട്രീയ, സംസ്കാരിക വിഭാഗത്തെ നയിക്കുന്നതും ഹാഷിമാണ്. 2006ൽത്തന്നെ ഹാഷിമിനെ ഇറേനിയൻ നേതൃത്വം നസറുള്ളയുടെ പിൻഗാമിയായി തെരഞ്ഞെടുത്തിരുന്നതായി പറയുന്നു.
ഹാഷിമിന്റെ സഹോദരൻ അബ്ബാസ് സഫി അൽ ദിൻ ഇറാനിലെ ഹിസ്ബുള്ള പ്രതിനിധിയാണ്. അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറേനിയൻ ജനറൽ ഖ്വാസിം സുലൈമാനിയുടെ മകളെയാണു ഹാഷിമിന്റെ മകൻ വിവാഹം ചെയ്തിരിക്കുന്നത്.