പേജർ ആക്രമണത്തിനു പിന്നിൽ മൊസാദ്
Thursday, September 19, 2024 12:26 AM IST
ബെയ്റൂട്ട്: ഹിസ്ബുള്ള ഭീകരരെ അടിമുടി പരിഭ്രാന്തരാക്കിയ പേജർ ആക്രമണത്തിനു പിന്നിൽ ഇസ്രേലി ചാരസംഘടന മൊസാദ് ആണെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭീകരർ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന പേജറുകളിൽ മൊസാദ് ഏജന്റുമാർ മുൻകൂട്ടി സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നുവെന്നാണു നിഗമനം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ലബനനിലുടനീളമുണ്ടായ സ്ഫോടനങ്ങളിൽ 12 പേരാണ് കൊല്ലപ്പെട്ടത്. മൂവായിരത്തിനടുത്തു പേർക്കു പരിക്കേറ്റു.
സ്ഫോടനം ഇങ്ങനെ
ഹിസ്ബുള്ള ഭീകരരെ മൊത്തത്തിൽ നാണംകെടുത്തിയ സ്ഫോടനപരന്പര അന്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു. അതിസങ്കീർണവും വിപുലവുമായ ആക്രമണമാണു മൊസാദ് നടത്തിയത്.
ഹിസ്ബുള്ളകൾ അടുത്ത മാസങ്ങളിൽ ഇറക്കുമതി ചെയ്ത പുതിയ ബാച്ചിൽ ഉൾപ്പെട്ട പേജറുകളാണു പൊട്ടിത്തെറിച്ചത്. തായ്വാനിലെ ഗോൾഡ് അപ്പോളോ എന്ന കന്പനിയുടെ ബ്രാൻഡിലാണ് ഈ പേജറുകൾ നിർമിച്ചിട്ടുള്ളത്.
പേജറുകൾ ഹാക്ക് ചെയ്ത് അതിന്റെ ബാറ്ററികൾ ചൂടാക്കി സ്ഫോടനം നടത്തുന്ന വിദ്യയാകാം പ്രയോഗിച്ചതെന്നായിരുന്നു ആദ്യ നിഗമനങ്ങൾ. എന്നാൽ, സ്ഫോടനദൃശ്യങ്ങൾ പരിശോധിച്ച വിദഗ്ധർ ഇതു തള്ളിക്കളയുന്നു. ഉത്പാദനത്തിലോ വിതരണശൃംഖലയിലോ മൊസാദ് ഏജന്റുമാർ നുഴഞ്ഞുകയറി പേജറുകൾക്കുള്ളിൽ സൈനികാവശ്യങ്ങൾക്കുള്ള സ്ഫോടകവസ്തുക്കൾ ചെറിയ അളവിൽ (20 മുതൽ 50 ഗ്രാം വരെ ) ഒളിപ്പിച്ചിരിക്കാമെന്നാണു കരുതുന്നത്. ‘സപ്ലൈ ചെയ്ൻ ആക്രമണം’ എന്നാണ് ഈ രീതിയെ വിളിക്കുന്നത്. 5,000 പേജറുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നുവെന്നു പറയുന്നു. ഇതിൽ 3,000 പേജറുകളാണു പൊട്ടിത്തെറിച്ചത്.
ഹിസ്ബുള്ള നേതൃത്വത്തിന്റെ പേരിലുള്ള സന്ദേശം പേജറുകളിലേക്ക് അയച്ചുകൊണ്ടാണ് ആക്രമണം തുടങ്ങിയതെന്നു ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിനുള്ള നിർദേശമായിരുന്നു ഈ സന്ദേശം. ഭൂരിഭാഗം പേരുടെയും പരിക്ക് മുഖത്തും കൈകളിലുമാണ്. പലർക്കും കണ്ണ് നഷ്ടമായി. സ്ഫോടനങ്ങൾ ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു.
ഹിസ്ബുള്ളയും അവരെ പിന്തുണയ്ക്കുന്ന ഇറാനും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് ആരോപിച്ചെങ്കിലും ഇസ്രയേൽ പ്രതികരിക്കാൻ തയാറായിട്ടില്ല.
ഉദ്ദേശിച്ചതിലും മുൻപേ
ഹിസ്ബുള്ളകൾക്കെതിരേ പൂർണതോതിൽ യുദ്ധം ആരംഭിച്ചാൽ പ്രയോഗിക്കാനുള്ള ആദ്യ തന്ത്രമായിരുന്നു പേജർ സ്ഫോടനങ്ങളെന്ന് അമേരിക്കൻ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
പദ്ധതിയെക്കുറിച്ച് ഹിസ്ബുള്ളകൾ അറിഞ്ഞിരിക്കാമെന്ന് ഇസ്രയേൽ സംശയിച്ചു. അതിനാൽ ഉദ്ദേശിച്ചതിലും മുൻപേ ആക്രമണം നടത്തി. ആക്രമണത്തെക്കുറിച്ചുള്ള സൂചന അവസാന നിമിഷത്തിലാണ് ഇസ്രയേൽ അമേരിക്കയ്ക്കു നല്കിയത്.
നിഷേധിച്ചു
തായ്വാനിലെ ഗോൾഡ് അപ്പോളോ കന്പനിയുടെ ‘ഗോൾഡ് എആർ-924’ മോഡൽ പേജറുകളാണു പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ പങ്കില്ലെന്ന് കന്പനി മേധാവി സു ചിംഗ് കുവാംഗ് പ്രതികരിച്ചു. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള ബിഎസി എന്ന കന്പനിയാണു യഥാർഥത്തിൽ പേജറിന്റെ നിർമാതാക്കളെന്നും അദ്ദേഹം അവകാശപ്പെട്ടു.
കന്പനി ഡിസൈൻ അനുസരിച്ച് ഉത്പാദനം നടത്താനും ഗോൾഡ് അപ്പോളോ എന്ന ബ്രാൻഡ് ഉപയോഗിക്കാനും ഹംഗേറിയൻ കന്പനിക്ക് അനുമതി നല്കുകയായിരുന്നു. പേജർ ആക്രമണത്തിനു പിന്നാലെ തായ്വാനിലെ പോലീസ് ഗോൾഡ് അപ്പോളോ കന്പനിയുടെ ഓഫീസിൽ പരിശോധന നടത്തി.
എപ്പോൾ?
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നേമുക്കാലിനാണ് സ്ഫോടനങ്ങൾ ആരംഭിച്ചത്. ആളുകളുടെ പോക്കറ്റിൽനിന്നു പുക വന്നതിനു പിന്നാലെയാണു ചെറിയ തോതിലുള്ള സ്ഫോടനങ്ങളുണ്ടായതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. കടകളിൽ സാധനങ്ങൾ വാങ്ങാൻ നിന്നവരും കാറുകളിൽ യാത്രചെയ്തിരുന്നവരുമെല്ലാം ആക്രമണത്തിനിരയായി. ലബനനു പുറമേ സിറിയയുടെ ചില ഭാഗങ്ങളിലും ആക്രമണമുണ്ടായി. സിറിയയിൽ 14 പേർക്കു പരിക്കേറ്റു.
കൊല്ലപ്പെട്ടവർ
എട്ടു വയസുള്ള പെൺകുട്ടിയും 11 വയസുള്ള ആൺകുട്ടിയും അടക്കം 12 പേരുടെ മരണം ലബനീസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ലബനീസ് പാർലമെന്റ് അംഗങ്ങളായ ഹിസ്ബുള്ള നേതാക്കളുടെ രണ്ടു മക്കളും മരിച്ചരിൽ ഉൾപ്പെടുന്നു. ആശുപത്രികളിൽ 2750 പേർ ചികിത്സയിലുണ്ട്.
പരിക്കേറ്റവരിൽ ലബനനിലെ ഇറേനിയൻ അംബാസഡർ മൊജ്താബ അമാനി ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ പരിക്ക് സാരമുള്ളതല്ല. ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് ഹസൻ നസറുള്ള സുരക്ഷിതനാണ്.
പേജറുകൾ ഇപ്പോഴും
ഹിസ്ബുള്ള ഭീകരർ സന്ദേശങ്ങൾ കൈമാറുന്നതിനു പേജറുകളെ വലിയതോതിൽ ആശ്രയിക്കുന്നു. ഇസ്രേലി ഏജൻസികൾ ഭീകരരുടെ ലൊക്കേഷൻ കണ്ടെത്താതിരിക്കാനാണിത്.
ഹമാസിന്റെ ബോംബ് നിർമാണ വിദഗ്ധനായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേൽ 1996ൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഫോൺ ഉപയോഗിച്ചു വധിച്ചിരുന്നു. ഇതിനുശേഷം ഹിസ്ബുള്ളകൾ മൊബൈൽ ഒഴിവാക്കി.
റേഡിയോ സന്ദേശങ്ങൾ സ്വീകരിക്കുന്ന ഉപകരണങ്ങളാണു പേജറുകൾ. ട്രാൻസ്മിറ്റർ ഉപയോഗിച്ച് വോയ്സ്, ടെക്സ്റ്റ് സന്ദേശങ്ങൾ ഇതിലേക്ക് അയയ്ക്കാം.
രണ്ടു പതിറ്റാണ്ടു മുന്പ് മൊബൈലുകൾ വ്യാപകമായതോടെയാണ് പേജറുകൾ വിസ്മൃതിയിലാകുന്നത്. ജിപിഎസ് ട്രാക്കിംഗ് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പേജറിന്റെ ലൊക്കേഷൻ കണ്ടെത്താനാവില്ല.