മതസൗഹാർദത്തിന് മാർപാപ്പയുടെ ആഹ്വാനം
Friday, September 6, 2024 12:08 AM IST
ജക്കാർത്ത: സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതത്തെ ഉപയോഗിക്കുന്നതിനെതിരേ ശക്തമായ മുന്നറിയിപ്പു നല്കി ഫ്രാൻസിസ് മാർപാപ്പ. ഇന്തോനേഷ്യ സന്ദർശനത്തിന്റെ അവസാന ദിനമായ ഇന്നലെ ജക്കാർത്തയിലെ ഇസ്തിഖ്ലാൽ മോസ്കിൽ നടന്ന മതാന്തരസംവാദത്തിൽ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
മതസൗഹാർദത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ആഹ്വാനം ചെയ്യുന്ന പ്രഖ്യാപനത്തിൽ മാർപാപ്പയും മോസ്കിലെ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറും ഒപ്പുവച്ചു. തെക്കനേഷ്യയിലെ ഏറ്റവും വലിയ മോസ്കിൽ നടന്ന സംവാദത്തിൽ ഇസ്ലാം, കത്തോലിക്ക, പ്രോട്ടസ്റ്റന്റ്, ഹിന്ദു, ബുദ്ധ, കൺഫ്യൂഷസ് മത പ്രതിനിധികൾ പങ്കെടുത്തു. മുസ്ലിം ജനസംഖ്യയിൽ ഒന്നാമത്തെ രാജ്യമായ ഇന്തോനേഷ്യയിൽ ആറു മതങ്ങൾക്കും ഔദ്യോഗിക അംഗീകാരമുണ്ട്.
എന്തെല്ലാം വ്യത്യാസങ്ങളുണ്ടെങ്കിലും നമ്മളെല്ലാം സഹോദരങ്ങളും ദൈവത്തിലേക്കുള്ള പാതയിലെ തീർഥാടകരുമാണെന്ന് മതവിഭാഗങ്ങൾ മനസിലാക്കണമെന്നു മാർപാപ്പ പറഞ്ഞു. യുദ്ധവും പരിസ്ഥിതിനാശവും വിളിച്ചുവരുത്തിയ വലിയൊരു പ്രതിസന്ധിയെ മാനവകുലം അഭിമുഖീകരിക്കുന്ന സമയമാണിതെന്നും ഓർമിപ്പിച്ചു.
ഇസ്തിഖ്ലാൽ മോസ്കിനെയും റോഡിന് എതിർവശത്തു സ്ഥിതിചെയ്യുന്ന സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലിനെയും ബന്ധിപ്പിക്കുന്ന ‘സൗഹൃദത്തിന്റെ തുരങ്കം’ മാർപാപ്പയും ഗ്രാൻഡ് ഇമാമും ഒരുമിച്ചു സന്ദർശിച്ചു. വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ ഒരേ വേര് പങ്കിടുന്നതിന്റെ ഉദാഹരണമാണു തുരങ്കമെന്നു മാർപാപ്പ പറഞ്ഞു.
തുടർന്ന് ഇന്നലെ വൈകുന്നേരം ജക്കാർത്തയിലെ ഗെലോറ ബുംഗ് കാർണോ ഫുട്ബോൾ സ്റ്റേഡിയത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ ഒരുലക്ഷത്തിലധികം പേർ നേരിട്ടു പങ്കെടുത്തു.
ഇന്തോനേഷ്യൻ സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ ഇന്നലത്തന്നെ പാപ്പുവ ന്യൂഗിനിയയിലേക്കു വിമാനം കയറി. 45-ാം അപ്പസ്തോലിക പര്യടനത്തിൽ കിഴക്കൻ ടിമൂർ, സിംഗപ്പൂർ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.