മാനഭംഗത്തിന് അമേരിക്കയില്‍ നഷ്ടപരിഹാരം 712 കോടി രൂപ!
Tuesday, August 27, 2024 1:35 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
വാഷിംഗ്ടണ്‍ ഡിസി: നടന് സിദ്ദിഖിനെതിരേ യുവനടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗികാരോപണം അമേരിക്കയിലാണെങ്കില്‍ ലഭിക്കുന്നത് കോടാനുകോടികളുടെ നഷ്ടപരിഹാരം.
മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇ. ജീന്‍ കറോള്‍ നല്കിയ മാനഭംഗക്കേസിലും അപകീര്‍ത്തി കേസിലും 833 ലക്ഷം ഡോളര്‍ ( 670 കോടി രൂപ) നൽകാന് മന്‍ഹാട്ടന്‍ കോടതിയും 50 ലക്ഷം ഡോളര്‍ (42 കോടി രൂപ) നൽകാന് ന്യൂയോര്‍ക്ക് കോടതിയും റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോണ്ഡ് ട്രംപിനോട് ഉത്തരവിട്ടു. മൊത്തം 712 കോടി രൂപ!
പേരിന് കളങ്കം ചാര്‍ത്തിയതിന് 73 ലക്ഷം, മാനസികാഘാതത്തിന് 110 ലക്ഷം, തെറ്റിനുള്ള ശിക്ഷയ്ക്ക് 650 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ ജനുവരിയില്‍ മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതി വിധിച്ചത്. കറോള്‍ ആവശ്യപ്പെട്ടതിലും എട്ടിരട്ടി നഷ്ടപരിഹാരം. പണം കൈയില്‍ കിട്ടണമെങ്കില്‍ നീണ്ട നിയമപോരാട്ടത്തിനു വിരാമമാകണം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ കേസുകള്‍ ചൂടുള്ള ചര്‍ച്ചാവിഷയമാണ്.
1996ല്‍ ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലെ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറില്‍വച്ച് ഡ്രസിംഗ് റൂമിലേക്കു തള്ളിയിട്ട് ഡോണള്‍ഡ് ട്രംപ് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് കറോളിന്റെ കേസ്. 2019ലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ട്രംപിനെ ഭയന്നാണ് ഇത്രയും കാലം നിശബ്ദയായിരുന്നതെന്ന് അവര്‍ പറയുന്നു.
ഷോപ്പിംഗ് സെന്ററില്‍ മറ്റൊരു സ്ത്രീക്ക് വസ്ത്രം വാങ്ങാനെത്തിയതായിരുന്നു ട്രംപ്. അവിടെവച്ച് കറോളിനെ പരിചയപ്പെടുകയും അദ്ദേഹം കടയില്‍നിന്ന് ഒരു അടിവസ്ത്രം എടുത്തു നൽകിയശേഷം അതു ധരിച്ചു കാട്ടാന്‍ കറോളിനോട് ആവശ്യപ്പെടുകയും ചെയ്തു. അതിനു വിസമ്മതിച്ചപ്പോഴാണ് സംഭവം ഉണ്ടായതത്രേ.
സംഭവത്തിനുശേഷം തനിക്ക് പുരുഷന്മാരോടു ചിരിക്കാന്‍പോലും കഴിയാത്ത അവസ്ഥയായി. എല്‍ വാരികയില്‍ 80 ലക്ഷം വായനക്കാരുള്ള പംക്തിയെഴുത്തുകാരിയായിരുന്ന കറോളിന്റെ ജോലി പോയി. 80-ാം വയസില്‍ തനിക്ക് അഗ്നിശുദ്ധി വരുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോടതിവിധിയോട് അവര്‍ പ്രതികരിച്ചു. വിചാരണ പൂര്‍ത്തിയാകുന്നതിനുമുമ്പേ ട്രംപ് കോടതിയില്‍നിന്ന് ഇറങ്ങിപ്പോയി.
കറോള്‍ എഴുതിയ “വാട്ട് ഡു വി നീഡ് മെന്‍ ഫോര്‍? എ മോഡസ്റ്റ് പ്രപ്പോസല്‍’’ എന്ന പുസ്തകത്തില്‍ സംഭവങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അതു കളവാണെന്ന് ട്രംപ് പറഞ്ഞതിനെതിരേ നൽകിയ മാനനഷ്ടക്കേസിലും കറോളിന് അനുകൂലമായ വിധി ലഭിച്ചു.
അവിഹിതബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍സിനിമാ നടിക്ക് പണം നൽകിയത് ഉള്‍പ്പെടെ അദ്ദേഹത്തിനെതിരേ നിരവധി യുവതികളുടെ പരാതികളും കേസുകളുമുണ്ട്. രഹസ്യരേഖകള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തു, 2020ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം കലാപം നടത്തി, ചില കേസുകളില്‍ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ ക്രിമിനല്‍ കേസുകളുമുണ്ട്.